'അർധരാത്രിയിൽ കട്ടിലിന് സമീപം അജ്ഞാതൻ; നിലവിളിച്ച് പുറത്തേക്കോടി'- ഹേമാ കമ്മിറ്റി റിപ്പോര്ട്ടില് നടിമാരുടെ സാക്ഷിമൊഴി
|പൊലീസിൽ പരാതി നൽകിയിട്ട് ഫലമുണ്ടായില്ല. പുറത്തറിഞ്ഞാൽ സിനിമയെ ബാധിക്കുമെന്ന് നിർമാതാവ് പറഞ്ഞെന്നു വെളിപ്പെടുത്തൽ
തിരുവനന്തപുരം: അടിസ്ഥാന സൗകര്യമില്ലാത്ത ഹോട്ടൽ മുറിയിൽനിന്ന് അർധരാത്രിയിൽ അജ്ഞാതനെ കണ്ടിറങ്ങി ഓടേണ്ടിവന്നുവെന്ന് ഹേമാ കമ്മിറ്റിക്ക് മുൻപിൽ നടിയുടെ വെളിപ്പെടുത്തൽ. അഭിനേതാക്കളായി എത്തുന്ന സ്ത്രീകൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല. മറ്റൊരു നടിക്ക് ദിവസങ്ങളോളം വീടിന്റെ വരാന്തയിൽ കിടന്നുറങ്ങേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്ത്രീകളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും ഒരു വിലയും നൽകാത്ത ഇടമായി മലയാളസിനിമ മാറുന്നുവെന്ന് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. പലപ്പോഴും യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ലോഡ്ജ് മുറികൾ സ്ത്രീകൾക്കുള്ള താമസസ്ഥലങ്ങളായി തിരഞ്ഞെടുക്കുന്നു. അതിലും ഒരു നടിയുടെ അനുഭവം കുറച്ച് ഭീതിയുളവാക്കുന്നതാണ്. രാത്രി രണ്ടുമണിക്ക് എന്തോ അനക്കം കേട്ട് ഉണർന്നതാണ് അവർ. കണ്ണുതുറന്നപ്പോൾ കട്ടിലിനു താഴെ തനിക്ക് സമീപത്തായി ഒരാൾ ഇരിക്കുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ അവർ അസിസ്റ്റിന്റെ മുറിയിൽ അഭയം തേടി. പിന്നാലെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. നിർമാതാവിനോട് അന്വേഷിച്ചപ്പോൾ സിനിമയെ ബാധിക്കുമെന്നാണത്രെ പറഞ്ഞത്.
ഹോട്ടലിൽ എത്തിയപ്പോൾ തന്നെ വേണ്ടത്ര വെളിച്ചവും സി.സി.ടി.വി ക്യാമറകളും ഇല്ലാത്തത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും നടി പറഞ്ഞു. പലപ്പോഴും ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് ഏറെ ദൂരെയാകും സ്ത്രീകളുടെ താമസം. ലോഡ്ജുകളോ ആളൊഴിഞ്ഞ വീടുകളോ ആകും ഇതിൽ ഭൂരിഭാഗവും. ദിവസങ്ങളോളം താമസിക്കുന്ന വീട്ടുവരാന്തയിലെ സോഫയിൽ രാത്രികൾ കഴിച്ചുകൂട്ടേണ്ടി വന്ന പെൺകുട്ടിയുടെ അനുഭവവും റിപ്പോർട്ട് വിവരിക്കുന്നു.
Summary: Testimony of actresses in Hema committee report that there is no security in the bedroom either