പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത്
|റവന്യൂ, തദ്ദേശ, ആരോഗ്യ, വ്യവസായ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും
തിരുവനന്തപുരം: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിസംബർ, ജനുവരി മാസങ്ങളിലാണ് അദാലത്ത്. കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
വയോജന സംരക്ഷണം
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)
കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
തണ്ണീർത്തട സംരക്ഷണം
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
അദാലത്തിൽ പരിഗണിക്കാത്ത വിഷയങ്ങൾ:
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
ലൈഫ് മിഷൻ
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പിഎസ്സി സംബന്ധമായ വിഷങ്ങൾ
വായ്പ എഴുതിത്തള്ളൽ
പൊലീസ് കേസുകൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായത്തിനായുള്ള അപേക്ഷകൾ
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെ)
ജീവനക്കാര്യം (സർക്കാർ)
റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവക്ക് ജില്ലാ കലക്ടറെയും അദാലത്ത് നടത്താനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.