Kerala
സുരക്ഷയൊരുക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല; വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പിന്റെ ഹരജി ഇന്ന് പരിഗണിക്കും
Kerala

'സുരക്ഷയൊരുക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല'; വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പിന്റെ ഹരജി ഇന്ന് പരിഗണിക്കും

Web Desk
|
28 Oct 2022 1:02 AM GMT

സമരം ഇന്നലെ അക്രമാസക്തമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശം നിർണായകമാകും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയുടെ നിർമാണപ്രവർത്തികൾ തുടർച്ചയായി തടസപ്പെടുകയാണെന്നും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പാകുന്നില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിക്കും. സമരം നൂറാം ദിവസത്തിലേക്ക് കടന്ന ഇന്നലെ നിർമാണമേഖലയിലേക്ക് ആയിരക്കണക്കിന് സമരക്കാരെത്തി പ്രതിഷേധിച്ചത് അദാനി ഗ്രൂപ്പ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. സമരം ചെയ്യുന്ന ആളുകളെ ബലം പ്രയോഗിച്ച് നീക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാരുള്ളത്.

അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യഹരജിക്കെതിരെ ലത്തീൻ അതിരൂപത നൽകിയ തടസ ഹരജിയിലും കോടതി വാദം കേട്ടേക്കും.ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സമരം ഇന്നലെ അക്രമാസക്തമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശം നിർണായകമാകും.

ഇന്നലെ സമരത്തിനിടെ പൊലീസിന്റെ ബാരിക്കേഡുകൾ സമരക്കാർ കടലിലെറിഞ്ഞിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. പദ്ധതിപ്രദേശത്ത് നൂറുകണക്കിന് സമരക്കാരാണ് ഇരച്ചുകയറിയത്. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പുതുകുറിച്ചി, അഞ്ചുതെങ്ങി ഫെറോനകളുടെ നേതൃത്വത്തിൽ വള്ളങ്ങളിൽ പ്രതിഷേധക്കാർ മുതലപ്പൊഴിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിയാണ് തുറമുഖം വളഞ്ഞത്.

സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പദ്ധതിപ്രദേശത്തേക്ക് ഇന്ന് സമരക്കാർ ഇരച്ചുകയറിയത്.


Similar Posts