'കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ'; ഫേസ്ബുക്ക് പരസ്യം പിൻവലിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത
|2000 ത്തിന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിനാണ് പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള സിറോ മലബാര്‍ സഭ പാലാ രൂപതയുടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. അഞ്ച് കുട്ടികളുള്ള രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന പാലാ അതിരൂപതയുടെ ഫേസ്ബുക്ക് പേജിലെ പരസ്യമാണ് പിൻവലിച്ചത്. എന്നാല്‍, പ്രഖ്യാപനത്തില്‍ നിന്ന് രൂപത പിറകോട്ട് പോയിട്ടില്ല. ആറ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള വിശദമായ സർക്കുലർ രൂപത പുറത്തിറക്കി. സഹായം നൽകുന്നത് കൂടുതൽ കുട്ടികളുള്ളവർക്ക് ആശ്വാസത്തിനായെന്ന് സർക്കുലറിൽ പറയുന്നു.
2000 ത്തിന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിനാണ് 1500 രൂപ വീതം നൽകുമെന്ന് പാലാ രൂപത പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയില്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്സ്ബുക്ക് പേജില്‍ വന്ന പരസ്യത്തില്‍ പറഞ്ഞിരുന്നു.
ഒരു കുടുംബത്തിലെ നാലു മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തിലുണ്ടായിരുന്നു. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.
പാലാ രൂപതയുടെ പ്രഖ്യാപനത്തിനെതിരെ വ്യാപക വിമർശനം നേരത്തെ സോഷ്യൽ മിഡിയയിൽ ഉയർന്നിരുന്നു. കൃസ്ത്യാനികൾ ജനസംഖ്യാ വർധനക്ക് സന്നദ്ധരാകണമെന്ന ആഹ്വാനങ്ങൾ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ കുറച്ച് കാലമായി നടത്തുന്നതിനിടെയാണ് രൂപതയുടെ പ്രഖ്യാപനം. വിവിധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആ നിലക്കുള്ള പ്രചാരണവും ചർച്ചകളും സജീവവുമായിരുന്നു. എന്നാൽ സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ജനസംഖ്യാ വർധനവിനായുള്ള പരസ്യമായ ആഹ്വാനം എന്ന നിലക്കാണ് പാലാ രൂപതയുടെ പ്രഖ്യാപനം ശ്രദ്ധിക്കപ്പെടുകയായിരുന്നു.