Kerala
Ajithkumar cannot be replaced; The fronts have strengthened their position, the CPM is on the defensive, latest news malayalam, അജിത്കുമാറിനെ മാറ്റാതെ പറ്റില്ല; നിലപാട് കടുപ്പിച്ച് മുന്നണികൾ, പ്രതിരോധത്തിലായി സിപിഎം
Kerala

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഇളക്കംതട്ടാതെ അജിത് കുമാറിന്റെ കസേര

Web Desk
|
11 Sep 2024 12:51 AM GMT

മലപ്പുറം എസ്പിയടക്കം 12 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റമുണ്ടായത്

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മലപ്പുറം എസ്.പിയടക്കം 12 ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റമുണ്ടായത്. എന്നാൽ, ഗുരുതരാരോപണങ്ങൾ നേരിടുന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന്റെ കസേരക്ക് മാത്രം ഇളക്കം തട്ടിയില്ല.

അൻവറിന്റെ ആരോപണം നേരിട്ട മലപ്പുറം എസ്.പി എസ്. ശശിധരനെ എറണാകുളം വിജിലൻസിലേക്ക് സ്ഥലംമാറ്റിയപ്പോൾ പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥിനെയാണ് ആ സ്ഥാനത്തേക്ക് നിയമിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്ത് കെ.വി സന്തോഷിനെയും നിയമിച്ചു. അൻവറിന്റെ പരാതിയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരടക്കം മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്. അതിൽ മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച വി.വി ബെന്നിയും ഉൾപ്പെടും.

നിയമനം ലഭിച്ചിട്ടും വ്യക്തിപരമായ കാരണങ്ങളാൽ ചുമതല ഏറ്റെടുക്കാതിരുന്ന എ. അക്ബറിനെ നീക്കി സി.എച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയായാണ് നിയമിച്ചത്. എസ്. ശ്യാംസുന്ദറിനെ നീക്കി, പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

ശ്യാംസുന്ദറിനെ ദക്ഷിണ മേഖലാ ഡിഐജിയായാണ് നിയമിച്ചത്. അൻവർ ഉന്നയിച്ച മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറി പരാതി അന്വേഷിക്കുന്ന തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നൽകി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.

മലപ്പുറം പൊലീസിലെ മാറ്റം നിരന്തര പരാതികൾക്കൊടുവിൽ

മലപ്പുറം പൊലീസ് തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയത് നിരന്തരമായ പരാതികൾക്കൊടുവിൽ. ഇടതുപക്ഷ എംഎൽഎമാരായ പി.വി അൻവർ, കെ.ടി ജലീൽ അടക്കമുള്ളവരുടെ പരാതികൾക്ക് ഒടുവിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. മലബാർ മേഖലയിലെ പൊലീസ് ഇടപെടലുകളിൽ അവിടെ നിന്നുള്ള ഇടതുപക്ഷ സ്വത​​ന്ത്രൻമാരായി ജയിച്ച എംഎൽഎമാർ അതൃപ്തി രേഖപ്പെടുത്തിയതും നടപടിക്ക് കാരണമായി.

മലബാർ മേഖലയിൽനിന്ന് നിരന്തരമായ പരാതിയായിരുന്നു ആഭ്യന്തര വകുപ്പിനെതിരെ ഉണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ എംഎൽഎമാർ അടക്കം സർക്കാരിനു മുന്നിലേക്ക് തുടർച്ചയായി പരാതികൾ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അടക്കമുള്ളവർ ഇതിലൊന്നും ചെവി കൊടുത്തില്ല. ഇതിന് പിന്നാലെയാണ് അൻവറിന്റെ തുറന്നുപറച്ചിൽ.

ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പുറമേ, മലബാർ മേഖലകളിലുള്ള പൊലീസ് സംവിധാനത്തിനെതിരെ വ്യാപക വിമർശനമായിരുന്നു. എല്ലാം പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിയെ സർക്കാർ ചുമതലപ്പെടുത്തി. ഒടുവിൽ മലപ്പുറം ജില്ലയിലെ പൊലീസ് തലപ്പത്ത് സർക്കാരിന്റെ അഴിച്ചുപണി.

അൻവർ അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് സർക്കാരിൻറെ തീരുമാനം. സംഘപരിവാറിനെ ജീവൻ കൊടുത്ത് പ്രതിരോധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Similar Posts