'ആദ്യം കുത്തേറ്റത് കോൺസ്റ്റബളിന്; എല്ലാവരും ഓടിമാറി, വന്ദനയ്ക്ക് ഓടി മാറാൻ സാധിച്ചില്ല'- എ.ഡി.ജി.പി അജിത് കുമാർ
|'നാട്ടുകാർ മർദിച്ചെന്ന പരാതി പരിശോധിക്കാനാണ് പൊലീസ് സന്ദീപിന്റെ വീട്ടിൽ എത്തിയത്'
കൊല്ലം: കൊല്ലത്ത് ഡോക്ടറെ കുത്തിക്കൊന്ന സന്ദീപിനെ പ്രതിയായല്ല ആശുപത്രിയിലെത്തിച്ചതെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സന്ദീപിന്റെ പരിക്കിന് ചികിത്സ നൽകാനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.നാട്ടുകാർ മർദിച്ചെന്ന പരാതി പരിശോധിക്കാനാണ് പൊലീസ് സന്ദീപിന്റെ വീട്ടിൽ എത്തിയത്. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെയാണ് സന്ദീപ് ഡോക്ടറെ ആക്രമിച്ചതെന്നും എം ആർ അജിത് കുമാർ പറഞ്ഞു .
'പോലീസിന് വീഴ്ച പറ്റിയിട്ടില്ല. ഡോക്ടർ വന്ദനയുടെ മരണം തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ്. പോലീസ് കൺട്രോൾറൂമിൽ ആദ്യം പരാതി അറിയിച്ചത് പ്രതിയാണ്. നാട്ടുകാർ മർദിച്ചു എന്ന പ്രതിയുടെ പരാതി പരിശോധിക്കാനാണ് ആദ്യം പൊലീസ് പോയത്. പ്രതിക്ക് പരിക്ക് ഉണ്ടായിരുന്നു. ആ പരിക്കിന് ചികിത്സ നൽകാനാണ് ആശുപത്രിയിൽ കൊണ്ടു പോയതതെന്നും അദ്ദേഹം പറഞ്ഞു.
'ഡോക്ടർ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെയായിരുന്നു ആദ്യ അക്രമിച്ചത്. ആദ്യം കുത്തേറ്റത് പോലീസ് കോൺസ്റ്റബലിനാണ്. എല്ലാവർക്കും ഓടി മാറാൻ സാധിച്ചു. വന്ദനയ്ക്ക് ഓടി മാറാൻ സാധിച്ചില്ല'..എഡിജിപി പറഞ്ഞു.പ്രതി മദ്യപാനിയാണ്. താലൂക്ക് ഹോസ്പിറ്റലിൽ പോലീസ് ഹെഡ്‌പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ പോലീസ് ഉദ്യോഗസ്ഥന് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (22)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്. ഡോക്ടറുടെ മുതുകിൽ ആറുതവണ കുത്തേറ്റു. നെഞ്ചിലേറ്റകുത്ത് ശ്വാസകോശത്തിലേക്ക് കയറി. വീണുപോയ ഡോക്ടറുടെ മുതുകിൽ കയറിയിരുന്നും സന്ദീപ് ക്രൂരമായി കുത്തി.
ഉടൻ തന്നെ വന്ദനയെ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ഹെൽത്തിലേക്ക് എത്തിച്ചെങ്കിലും 8.25 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു
കോട്ടയം മുട്ടുചിറ സ്വദേശിയാണ് കൊല്ലപ്പെട്ട ഡോകർ വന്ദന. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.