ആർഎസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ ഡീലുകളുടെ ഇടനിലക്കാരൻ എഡിജിപി; രമേശ് ചെന്നിത്തല
|മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള രഹസ്യരേഖകൾ അജിത്കുമാറിന്റെ കൈവശമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു
തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ ഡീലുകളുടെ ഇടനിലക്കാരനാണ് എഡിജിപി എം.ആർ അജിത് കുമാർ എന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇവർ നടത്തിയ കൂടികാഴ്ചകളുടെ രഹസ്യ രേഖകൾ അജിത് കുമാറിന്റെ കൈയിൽ ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും ഓഫീസിനേയും വെള്ളത്തിലാക്കാൻ കഴിയുന്നത്ര രഹസ്യ രേഖകളാണിത്. ചെന്നിത്തല പറഞ്ഞു.
ഈ ഡീലിന്റെ തുടർച്ചയാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആർ ഏജൻസി തന്നെ മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയായി രംഗത്തു വന്നിരിക്കുന്നു എന്നത്. മലപ്പുറത്തിനെതിരെയും ന്യൂനപക്ഷസമുദായങ്ങൾക്കെതിരെയും മുഖ്യമന്ത്രി ഹിന്ദു പത്രത്തിലൂടെ നടത്തിയ ആക്ഷേപങ്ങൾ ഈ സംഘപരിവാർ ബന്ധത്തിന്റെ തുടർച്ചയാണ്. സംഘപരിവാർ ശക്തികളുടെ നാവായി കേരളാ മുഖ്യമന്ത്രി മാറി. പിണറായി വിജയൻ സംഘപരിവാറിനാൽ പൂർണമായി ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ചെന്നിത്തല പറഞ്ഞു.
എഡിജിപി ഇടപെട്ട കാര്യങ്ങളുടെ രേഖകൾ പുറത്തു വിട്ടാൽ മുഖ്യമന്ത്രി കുടുങ്ങും എന്നുറപ്പുള്ളതു കൊണ്ടാണ് എന്തു വിലകൊടുത്തും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്. പത്രസമ്മേളനം വിളിച്ച് ക്‌ളീൻ ചിറ്റ് നൽകിയിട്ട് ഇപ്പോൾ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അന്വേഷണം തീർന്നാൽ അടുത്ത അന്വേഷണം പ്രഖ്യാപിക്കും. അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് ലഭിക്കും വരെ അന്വേഷണം തുടരും. നടപടി എടുക്കുന്നത് വൈകിപ്പിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. ചെന്നിത്തല ആരോപിച്ചു.
മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആർ ഏജൻസികളിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച ഇന്ന് കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്?. നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും സംഘപരിവാറിനു വിടുപണി ചെയ്തും ജനങ്ങൾക്കു മുന്നിൽ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് - ചെന്നിത്തല പറഞ്ഞു.
പൂരം കലക്കലിൽ അന്വേഷണം നടക്കുന്നില്ലെന്ന് ആർടിഐ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ നൽകിയെന്നും പൂരം കലക്കിയ എഡിജിപിക്കു മുഖ്യമന്ത്രിയുടെ സ്വകാര്യ സുരക്ഷ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. കീറിയ ചാക്കിന്റെ വിലപോലുമില്ലാതെ സിപിഐ മാറിയെന്നും ഇരിക്കുന്ന കസേരയുടെ മഹത്വത്തെ പറ്റി ബിനോയി വിശ്വം ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.