Kerala
ADGP
Kerala

കണ്ണൂരിലെത്തി ക്ഷേത്രങ്ങളിൽ ശത്രുസംഹാര വഴിപാട് നടത്തി എഡി​ജിപി

Web Desk
|
29 Sep 2024 8:49 AM GMT

ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്

കണ്ണൂർ: വിവാദങ്ങൾക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എം.ആർ അജിത് കുമാർ. ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡി​ജിപി ദർശനം നടത്തി. ഇവിടങ്ങളിലും നിരവധി വഴിപാടുകൾ നടത്തി.

അതേസമയം, എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് നൽകാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി. ഇതിനൊപ്പം ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും സമർപ്പിച്ചേക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കണോ എന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുക.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആർ അജിത് കുമാർ തുടരുമോ ഇല്ലയോ എന്നത് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി നേരിട്ടാണെങ്കിലും അതിനെ സ്വാധീനിക്കാൻ ശേഷിയുള്ള അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയാണ്. പി.വി അൻവർ എംഎൽഎ നൽകിയ പത്തോളം പരാതികളിലെ അന്വേഷണം പൂർത്തിയായിക്കഴിഞ്ഞു.

അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വിവരങ്ങൾ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന് കൈമാറിയിട്ടുണ്ട്. ഇത് അന്തിമ അന്വേഷണ റിപ്പോർട്ടാക്കുന്നതിന്റെ തിരക്കിലാണ് ഡിജിപി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെത്തുന്ന മുറയ്ക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം. ഒക്ടോബർ മൂന്നിന് മുമ്പാണ് റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത്.

Related Tags :
Similar Posts