Kerala
Pinarayi Vijayan
Kerala

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; രഹസ്യാന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചു

Web Desk
|
7 Sep 2024 7:40 AM GMT

കൂടിക്കാഴ്ച സംബന്ധിച്ച വിവാദങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായി കൂടിക്കാഴ്ച നടത്തിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചു. തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയിട്ടും സർക്കാർ മൗനം പാലിക്കുകയായിരുന്നു .വ്യക്തിപരമായ കൂടിക്കാഴ്ച എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത് കുമാർ നൽകിയ വിശദീകരണം. അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിന് ഞങ്ങൾ എന്തുവേണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകൾ ഒത്തുതീർപ്പാക്കാനും,തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കാനാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സർക്കാർതലത്തിൽ നിന്ന് ആരോപണത്തെ കുറിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ കൂടിക്കാഴ്ചയുടെ വിവരം സംസ്ഥാന സർക്കാരിന് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

2023 മെയ് രണ്ടിന് തൃശൂരിലാണ് കൂടിക്കാഴ്ച നടന്നത്.ആർഎസ്എസ് നേതാവ് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എം.ആർ അജിത് കുമാർ സ്വകാര്യ വാഹനത്തിലെത്തി.

ആർഎസ്എസിന്റെ പോഷക സംഘടനയുടെ നേതാവിന്റെ കാറിലാണ് എത്തിയതെന്ന് രഹസ്യ അന്വേഷണ വിഭാഗം അന്നുതന്നെ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മുന്നിലേക്ക് റിപ്പോർട്ട് പിറ്റേന്ന് തന്നെ എത്തി. തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിരത്തിൽ നടന്ന ആർഎസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇക്കാര്യത്തിൽ എഡിജിപിയോട് കാര്യങ്ങൾ തിരക്കി. തന്നോടൊപ്പം പഠിച്ച ഒരാളുടെ ക്ഷണപ്രകാരമാണ് സന്ദർശനത്തിന് പോയതെന്നും,കൂടിക്കാഴ്ച വ്യക്തിപരം ആണെന്നുമായിരുന്നു അജിത് കുമാറിന്റെ വിശദീകരണം.

അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന ഇന്നലത്തെ നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചത്.എഡിജിപി സിപിഎം നേതാവ് അല്ലെന്ന് മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം.കൂടിക്കാഴ്ച സംബന്ധിച്ച വിവാദങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

Related Tags :
Similar Posts