Kerala
ADGP Says 6 year old girls brother is hero
Kerala

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ പരമാവധി ശ്രമിച്ചു; സഹോദരൻ ഹീറോയെന്ന് എ.ഡി.ജി.പി

Web Desk
|
2 Dec 2023 8:15 AM GMT

ഒരു വർഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൃത്യം ചെയ്തതെന്നും എ.ഡി.ജി.പി എം.ആർ അജിത്കുമാർ പറഞ്ഞു.

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ കൂടെയുണ്ടായിരുന്ന സഹോദരൻ പരമാവധി ശ്രമിച്ചെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. തങ്ങൾക്ക് നേരിടേണ്ടിവന്ന ആദ്യത്തെ പ്രശ്‌നം സഹോദരൻ തന്നെയായിരുന്നുവെന്ന് പ്രതികൾ തന്നെ സമ്മതിച്ചെന്ന് എ.ഡി.ജി.പി പറഞ്ഞു. ഒരു വർഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൃത്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആറു വയസുകാരി തന്നെയാണ് രണ്ടാമത്തെ ഹീറോ. കുട്ടി നൽകിയ വിവരങ്ങളാണ് കേസിന്റെ അന്വേഷണത്തിൽ നിർണായകമായത്. കുട്ടി നൽകിയ വിവരങ്ങൾ അനുസരിച്ച് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയവരാണ് മൂന്നാമത്തെ ഹീറോകൾ. പ്രതികളുമായി കൃത്യമായി സാദൃശ്യമുള്ള രേഖാചിത്രമാണ് അന്വേഷണത്തിൽ ഏറെ സഹായകരമായതെന്നും എ.ഡി.ജി.പി പറഞ്ഞു.

സാമ്പത്തിക ബാധ്യത മറികടക്കാനാണ് പ്രതികൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ആറു കോടിയോളം രൂപ പത്മകുമാറിന് സാമ്പത്തിക ബാധ്യതയുണ്ട്. അത്യാവശ്യമായി 10 ലക്ഷം രൂപ കണ്ടെത്താനാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഒന്നര മാസത്തോളമായി വിവിധ സ്ഥലങ്ങളിൽ ഇവർ തട്ടിക്കൊണ്ടുപോകലിന് ശ്രമിച്ചിരുന്നു. ഇവരുടെ വീട്ടിൽ തന്നെയാണ് തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയെ താമസിപ്പിച്ചത്. അനിതാകുമാരിയാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നും എ.ഡി.ജി.പി പറഞ്ഞു.

Similar Posts