Kerala
MR AJITHKUMAR
Kerala

'ലിഫ്റ്റ്, മൂന്നാം നിലയിൽ സ്വിമ്മിങ് പൂൾ': എഡിജിപിയുടെ ആഡംബര വീട്‌ ഉയരുന്നത് കവടിയാർ കൊട്ടാരത്തിനരികെ

Web Desk
|
2 Sep 2024 12:55 PM GMT

അന്വേഷണം വരുമ്പോൾ ഭൂമി വാങ്ങലിന്റെയും വീട് നിർമാണത്തിന്റെയും സാമ്പത്തിക സ്രോതസ്സ് അടക്കം അജിത് കുമാറിന് കാണിക്കേണ്ടിവരും

തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗത്ത് എഡിജിപി എം.ആർ അജിത് കുമാർ ആഡംബര വീട് പണിയുന്നുവെന്ന പി.വി അൻവർ എം.എൽ.എയുടെ ആരോപണം ശരിവെയ്ക്കുന്ന തെളിവ് പുറത്ത്. കവടിയാർ കൊട്ടാരത്തിനും ഗോൾഫ് ക്ലബ്ബിനും സമീപത്തായി 10 സെന്റ് ഭൂമിയിലാണ് അജിത് കുമാറിന്റെ വീട് നിർമാണം. നിർമാണത്തിന്റെയും പ്ലാനിന്റെയും ഭൂമി പൂജയുടെയും ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ആരോപണമുയർന്നതിന് തൊട്ടുപിന്നാലെ തന്നെയാണ് തെളിവുകളും പുറത്തുവന്നത്. തിരുവനന്തപുരത്തെ ഏറ്റവും സമ്പന്ന മേഖലകളിലൊന്നായ കവടിയാർ കൊട്ടാരത്തിന് സമീപം, ഗോൾഫ് ക്ലബ്ബിന് പിറകിലായി മൂന്ന് നില മണിമാളിക ഇതിനോടകം പണിത് തുടങ്ങിയിരുന്നു. ഇതിനായി എഡിജിപി എം.ആർ അജിത് കുമാർ വാങ്ങിയത് സെന്റിന് 60 മുതൽ 70 ലക്ഷം വരെ വിലയുള്ള ഭൂമിയിൽ 10 സെന്റ്. വീട് നിർമാണത്തിന് മുന്നോടിയായി നടന്ന ഭൂമി പൂജയുടെയടക്കം ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

അധികമാർക്കും വിവരമില്ലാതിരുന്ന ആഡംബര ഭവനത്തിന്റെ വിശദമായ പ്ലാൻ ഉൾപ്പെടെയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. നിർമാണം തുടങ്ങിയ പ്ലാനിലാവട്ടെ, ക്ലൈന്റിന്റെ പേരിന് നേരെ എഴുതിയിരുക്കുന്നത്, എം.ആർ അജിത് കുമാർ ഐപിഎസ് എന്ന്.

അണ്ടർഗ്രൗണ്ട് പാർക്കിങും മൂന്നാം നിലയിൽ സ്വിമ്മിങ് പൂളും ലിഫ്റ്റും ഉൾപ്പെടെയാണ് പ്ലാനിലുള്ളത്. പ്ലാൻ ഇഷ്ടപ്പെടാത്തതിനാൽ മൂന്ന് തവണയാണ് ആർക്കിടെക്റ്റുകളെ അജിത് കുമാർ മാറ്റിയത്. ഇപ്പോൾ പാർക്കിങ്ങിനുള്ള നിർമാണമാണ് നടക്കുന്നത്. അതേസമയം അന്വേഷണം വരുമ്പോൾ ഭൂമി വാങ്ങലിന്റെയും വീട് നിർമാണത്തിന്റെയും സാമ്പത്തിക സ്രോതസ് അടക്കം അജിത് കുമാറിന് കാണിക്കേണ്ടിവരും.

Watch Video Report


Similar Posts