അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസ്: രണ്ട് പ്രതികളും അറസ്റ്റില്‍
|സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നിരുന്നു
അടിമാലി: ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികളും അറസ്റ്റിലായി. അടിമാലി സ്വദേശികളായ ജസ്റ്റിൻ, സഞ്ജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ജസ്റ്റിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന സഞ്ജു സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നിരുന്നു. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തകരും ദലിത് ആക്ടിവിസ്റ്റുകളും രംഗത്തെത്തി. സംഭവത്തിൽ എസ്.സി.എസ്.ടി കമ്മീഷൻ കേസെടുത്തു.
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ വിനീതിന് മർദനമേറ്റത്. മന്നാംകാല സ്വദേശി ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ക്ഷേത്ര പരിസരത്ത് വെച്ച് ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനം ഭയന്ന് യുവാവ് ക്ഷേത്രത്തിലേയ്ക്ക് ഓടിക്കറി. പിന്നാലെ ക്ഷേത്ര മുറ്റത്ത് വെച്ച് വീണ്ടും സംഘർഷമുണ്ടായി.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പ്രദേശവാസികളായ ജസ്റ്റിൻ, സജീവൻ , സഞ്ജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ബനീഷിനെ മർദ്ദിച്ചതിൽ പോലീസ് കേസെടുത്തില്ല. ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.