ആദിവാസി യുവാക്കളെ കാണാതായിട്ട് ഒരുമാസം; അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ബന്ധുക്കള്‍
|പാലക്കാട് മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായിട്ട് ഒരു മാസം പിന്നിട്ടു. ഇരുവരേയും കാണാതായി ഒരുമാസം പിന്നിട്ടിട്ടും യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ചപ്പക്കാട് ആദിവാസി കോളനിയിലെ മുരുകേശനെയും, സ്റ്റീഫനെയുമാണ് ഒരു മാസം മുമ്പ് കാണാതായത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ , സി.ബി.ഐക്കോ കൈമാറണമെന്നാണ് ബന്ധുക്കളുടെ ആവശ്യം
സ്റ്റീഫൻ ജോലി ചെയ്യുന്ന തെങ്ങിൻ തോപ്പിലേക്കാണ് മുരുകേഷനും, സ്റ്റീഫനും അവസാനമായി പോയത്. പിന്നീട് ഇരുവരെ കുറിച്ചും യാതൊരു വിവരവുമില്ല. കൊല്ലംങ്കോട് പൊലീസ് ഇരുവരുടെയും സുഹൃത്തുക്കളെ ഉൾപ്പടെ ചോദ്യം ചെയ്യൽ തുടരുകയാണ്. നേരത്തെ ഡ്രോൺ ഉപയോഗിച്ച് വനത്തിനകത്ത് തിരച്ചിൽ നടത്തിയിരുന്നു.
സമീപത്തെ ജലാശയങ്ങളിൽ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തി. തമിഴ്നാട്ടിലും വ്യാപക പരിശോധന നടത്തിയിട്ടും കാണാതായവരെ കുറിച്ച് ഇതുവരേയും ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിലവിൽ കൊല്ലംങ്കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സർക്കാർ മറ്റ് ഏജൻസികൾക്ക് കേസ് കൈമാറണമെന്ന ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു