'മാവോയിസ്റ്റാണെന്ന് പ്രചാരണം നടത്തുന്നു, സഹായിക്കാനെത്തുന്നവരെ ഭയപ്പെടുത്തുന്നു'; പൊലീസിനെതിരെ വിശ്വനാഥന്റെ കുടുംബം
|കേസില്‍ ഇടപെട്ടാല്‍ പ്രതികളാക്കുമെന്നാണ് കല്‍പ്പറ്റ പൊലീസിന്‍റെ ഭീഷണിയെന്ന് സഹോദരന്‍ വിനോദ്
വയനാട്: പൊലീസിനെതിരെ ആരോപണവുമായി കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ സഹോദരൻ വിനോദ്. താൻ മാവോയിസ്റ്റ് ആണെന്ന് പൊലീസ് വ്യാജ പ്രചാരണം നടത്തുകയാണ്. കൽപ്പറ്റ പൊലീസാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്ന് വിനോദ് ആരോപിച്ചു. തങ്ങളെ സഹായിക്കാനെത്തുന്നവരെയും നാട്ടുകാരെയും കൽപ്പറ്റ പൊലീസ് ഭയപ്പെടുത്തുകയാണെന്നും വിനോദ് മീഡിയവണിനോട് പറഞ്ഞു.
കോഴിക്കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിന്നെയെന്തിനാണ് കൽപ്പറ്റ പൊലീസ് തന്നെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പരത്തുന്നതെന്നും വിശ്വനാഥൻ ചോദിക്കുന്നു. 'സിപിഎം,ബി.ജെപി ,ബിഎസ്പി തുടങ്ങി എല്ലാ പാർട്ടിക്കാരും പിന്തുണ നൽകുന്നുണ്ട്.അവരെ വിളിച്ച് ഞാനും സംശയം ചോദിക്കാറുണ്ട്. എന്നാല്‍ കേസില്‍ സഹായിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ഈ കേസില്‍ ഇടപെട്ടാല്‍ നിങ്ങളെയും പ്രതികളാക്കും എന്നാണ് പൊലീസിന്‍റെ ഭീഷണിയെന്നും വിശ്വനാഥന്‍റെ സഹോദരന്‍ പറയുന്നു.
'മാവോയിസ്റ്റുകാർ രാത്രി വീട്ടിൽ വന്ന് എനിക്ക് ക്ലാസെടുക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് പറഞ്ഞുപരത്തുന്നത്. കേസ് തേച്ചുമായ്ക്കാനാണ് ശ്രമം. അന്വേഷണം കാര്യക്ഷമമല്ല, നേരായ രീതിയിലാണോ അന്വേഷണം നടക്കുന്നതെന്ന് പോലും അറിയുന്നില്ല'..വിശ്വനാഥന്റെ സഹോദരൻ പറഞ്ഞു.