Kerala
Adivasi, Kerala, Folklore Academy, Keraleeyam , latest malayalam news, ആദിവാസി, കേരളം, ഫോക്ലോർ അക്കാദമി, കേരളീയം, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Kerala

'കേരളീയത്തിൽ ആദിവാസികളെ പ്രദർശിപ്പിട്ടില്ല'; ഖേദം പ്രകടിപ്പിക്കില്ലെന്ന് ഫോക്‍ലോർ അക്കാദമി

Web Desk
|
8 Nov 2023 9:15 AM GMT

ആദിമത്തിന്‍റെ ആശയ രൂപികരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു

തിരുവനന്തപുരം: കേരളീയം മേളയിൽ ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഫോക്‍ലോർ അക്കാദമി. കേരളീയത്തിൽ ആദിവാസികളെ പ്രദർശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നുമാണ് അക്കാദമിയുടെ നിലപാട്.


കേരളീയത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഫോക്‍ലോർ അക്കാദമിയുടെ ചെയർമാൻ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് നിലവിലെ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറല്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുന്നത്. കേരളീയത്തിൽ പ്രദർശിപ്പിച്ചത് ആദിവാസി കലാരൂപങ്ങളെ ആണെന്നും അത് ഓരോന്നും കേരളത്തിന്‍റെ പൈതൃക സമ്പന്നതയുടെ പ്രതീകമാണ്. അതിനാൽ ആദിമത്തിന്‍റെ ആശയ രൂപികരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.


കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവർത്തകരടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തി. എന്നാൽ, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികൾ പ്രതികരിച്ചു.ഇതിനിടെ, ലിവിങ് മ്യൂസിയത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസർകോട് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകർക്കെതിരെയായിരുന്നു നടപടി.


വിഷയത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പ്രതികരിച്ചത് ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്നെന്നാണ്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.

Similar Posts