എഡിഎമ്മിന്‍റെ മരണം: കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു
|കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയാണ് കണ്ണൂർ ടൗൺ പൊലീസ് രേഖപ്പെടുത്തിയത്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നത്. പിന്നാലെ പള്ളിക്കുന്നിലെ വീട്ടിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയർത്തിയ ആരോപണം. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ഉൾപ്പെടെ വേദിയിലിരിക്കെയായിരുന്നു ആരോപണം ഉന്നയിച്ചത്.
സംഭവത്തിൽ പി.പി ദിവ്യക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനൊപ്പം അവരുടെ നിലപാടിനെ പാർട്ടിയും തള്ളിയിരുന്നു. അതേസമയം ചടങ്ങിലുണ്ടായിരുന്ന കലക്ടർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു അധിക്ഷേപം നടക്കുമ്പോൾ അത് കലക്ടർ തടയേണ്ടിയിരുന്നുവെന്നാണ് വിമർശനം. അരുൺ കെ. വിജയനെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ദിവ്യയുടെ പരാമർശത്തിൽ കലക്ടർക്ക് പങ്കുള്ളതായി പറയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിപാടിയിൽ ദിവ്യ പങ്കെടുത്തത് എന്തിനാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു ചോദിച്ചു. യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം നടത്തി സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും സിപിഎം നേതാവ് മലയാലപ്പുഴ മോഹനനും ആരോപിച്ചു.
സംഭവത്തിൽ അടുത്ത ദിവസം തന്നെ പൊലീസ് കലക്ടറുടെ മൊഴിയെടുക്കും. ഇതിനിടെ നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കലക്ടർ കത്തയച്ചു. സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയാണ് കലക്ടർ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായി കത്തിൽ പറയുന്നുണ്ട്. പത്തനംതിട്ട സബ് കലക്ടർ നേരിട്ടെത്തിയാണ് കുടുംബത്തിന് കത്ത് കൈമാറിയത്. കലക്ടർ അവധിക്ക് അപേക്ഷിച്ചതായും സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.