Kerala
എഡിഎമ്മിന്‍റെ മരണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺ​ഗ്രസ്
Kerala

എഡിഎമ്മിന്‍റെ മരണം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺ​ഗ്രസ്

Web Desk
|
15 Oct 2024 3:17 PM GMT

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ വൈകീട്ടാണ് പ്രതിഷേധം

കോഴിക്കോട്: എഡിഎം നവീൻ ബാബുവിന്റെ മരണതിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കോൺ​ഗ്രസ്. സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധം നടത്താനാണ് തീരുമാനം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജിവെയ്ക്കണമെന്നും ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ വൈകീട്ടാണ് പ്രതിഷേധം. ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധ പരിപാടികൾ നടക്കും.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ പള്ളിക്കുന്നിലെ വീട്ടിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം.

ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയർത്തിയ ആരോപണം. ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് പറഞ്ഞ ദിവ്യ, നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തിരുന്നു.

അതേസമയം ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരമാണെന്നും യാത്രയയപ്പ് ചടങ്ങിലെ വിമർശനം ഒഴിവാക്കണമായിരുന്നുവെന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ്‌ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

Similar Posts