എഡിഎമ്മിന്‍റെ മരണം; റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കും, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍
|പി.പി ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും.
ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് കണ്ണൂർ കലക്ടറേറ്റിനു മുമ്പിൽ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോര്‍പ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നവീൻ ബാബുവിന്‍റെ മൃതദേഹം ഇന്നലെ രാത്രി 12:30 യോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി. വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ പരിയാരം മെഡിക്കൽ കോളേജിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.