എഡിഎം നവീൻ ബാബുവിന്റെ മരണം: കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ
|ഉണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയ കലക്ടർ നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് കൈമാറി
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ കുടുംബത്തിന് കത്തയച്ചു. ഉണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയാണ് കലക്ടർ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. പത്തനംതിട്ട സബ് കലക്ടർ നേരിട്ടെത്തിയാണ് കുടുംബത്തിന് കത്ത് കൈമാറിയത്.
അരുൺ കെ. വിജയനെതിരെ അന്വേഷണം വേണമെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ദിവ്യയുടെ പരാമർശത്തിൽ കലക്ടർക്ക് പങ്കുള്ളതായി പറയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥർ നടത്തിയ പരിപാടിയിൽ ദിവ്യ പങ്കെടുത്തത് എന്തിനാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു ചോദിച്ചു. യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം നടത്തി സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും സിപിഎം നേതാവ് മലയാലപ്പുഴ മോഹനനും ആരോപിച്ചു.