സിസാ തോമസിന് തിരിച്ചടി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി
|മാർച്ച് 31 ന് സിസാ തോമസ് സർവീസിൽ നിന്ന് വിരമിക്കുകയാണ്
തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസാ തോമസ് നൽകിയ ഹരജി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടുപോകാമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. സർക്കാരിന്റെ അനുമതി ഇല്ലാതെ വി.സി ആയി ചുമതല ഏറ്റതിനാണ് സിസക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അച്ചടക്ക നടപടിയെടുക്കുന്നതിനു മുൻപായി സിസാ തോമസിനെ കൂടി കേൾക്കണമെന്ന നിർദേശവും ട്രൈബ്യൂണൽ നൽകിയിട്ടുണ്ട്.
മാർച്ച് 31 ന് സിസാ തോമസ് സർവീസിൽ നിന്ന് വിരമിക്കുകയാണ്. സിസാ തോമസ് സർവീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു സർക്കാർ വാദം. നിയമപ്രകാരം ചാൻസലർ നൽകുന്ന പദവി ഏറ്റെടുക്കണമെന്ന് നിർബന്ധമില്ലെന്നും പദവി ഏറ്റെടുക്കുകയാണെങ്കിൽ വകുപ്പ് മേധാവിയുടെയടക്കം അനുമതി വാങ്ങണമെന്നും സർക്കാർ ട്രൈബ്യൂണലിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ വകുപ്പ് മേധാവിയുടെ അനുമതി വാങ്ങിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സർവീസ് ചട്ടം 44 ലംഘിച്ചുവെന്ന സർക്കാർ വാദത്തെ സിസാ തോമസ് തള്ളിയിരുന്നു. നിലവിലെ ചുമതല ഉപേക്ഷിച്ച് പുതിയ പദവി ഏറ്റെടുക്കുന്നതിനാണ് സർക്കാരിന്റെ അനുമതി വേണ്ടത്. എന്നാൽ താൻ അധിക ചുമതല എന്ന നിലക്കാണ് വി.സി സ്ഥാനം ഏറ്റെടുത്തതെന്നും അത് നിയമപ്രകാരമാണെന്നുമായിരുന്നു സിസാ തോമസിന്റെ വാദം.