അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണം: പ്രധാനമന്ത്രിക്ക് ലക്ഷദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറിയുടെ കത്ത്
|അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലെ ബിജെപി
അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലെ ബിജെപി. ലക്ഷദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് കത്തയച്ചു. അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്നാണ് കത്തിലെ ആവശ്യം. ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമാണ് കത്തയച്ചത്.
അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടിയുമായി അഡ്മിനിസ്ട്രേറ്റർ സഹകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തി. വിവിധ പദ്ധതികൾ നിർത്തലാക്കി. 500 താൽക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചു വിട്ടു.15 സ്കൂളുകൾ അടച്ചു പൂട്ടി. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ പരിഷ്കാര നടപടികള്‍ക്കെതിരെ ദ്വീപിനകത്തും പുറത്തും പ്രതിഷേധം പുകയുകയാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുക്കുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 200 ഹൈസ്ക്കൂള് അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരെ പ്രതികരിച്ച കെഎസ്യുവിന്റെ ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചു. ദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിയെ വിലക്കി, ഗുണ്ടാ നിയമം നടപ്പാക്കി, വിദ്യാര്‍ത്ഥികളുടെ ഭക്ഷണ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കി, ഡയറി ഫാമുകള്‍ പൂട്ടി. തീരസംരക്ഷണ നിയമത്തിന്റെ പേര് പറഞ്ഞ് കടല്‍തീരത്തെ മീന്‍പിടുത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഢുകളും നീക്കി. ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെ പിരിച്ച് വിട്ട് ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു തുടങ്ങി നിരവധി ജനദ്രോഹ പരിഷ്കാരങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷദ്വീപില്‍ നടക്കുന്നത്.
കേരളത്തിലെ ബിജെപി നേതാക്കള്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ പുകഴ്ത്തുമ്പോഴാണ് ദ്വീപിലെ ബിജെപി നേതൃത്വം തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നതും പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നതും. ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ തുരങ്കം വെക്കാനാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ ശ്രമമെന്നായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്ദുള്ളക്കുട്ടി പറഞ്ഞത്.