ഹൈദരലി തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമി: ഇത്തവണ 300 പേര്‍ക്ക് അവസരം; എസ്.എസ്.സി പരിശീലനവും തുടങ്ങും
|ഇത്തവണ ആറു കേന്ദ്രങ്ങളിലായി ജൂണ്‍ 10ന് എഴുത്തു പരീക്ഷ നടക്കും.
മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസില്‍ ഈ വര്‍ഷം 300 പേര്‍ക്ക് അവസരം. 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ 100 പേര്‍ക്കും 50 ശതമാനം സ്‌കോളര്‍ഷിപ്പോടെ 200 പേര്‍ക്കുമാണ് പഠന സൗകര്യമൊരുക്കുന്നത്. അടുത്ത ബാച്ചിലേക്കുള്ള പ്രവേശനത്തിനായി മെയ് നാലു മുതല്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://kreaprojects.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത്തവണ ആറു കേന്ദ്രങ്ങളിലായി ജൂണ്‍ 10ന് എഴുത്തു പരീക്ഷ നടക്കും.
കോഴിക്കോട്, പെരിന്തല്‍മണ്ണ കേന്ദ്രങ്ങള്‍ക്ക് പുറമെ ഇത്തവണ ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളില്‍ കൂടി പരീക്ഷ നടക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും ലക്ഷദ്വീപിലെയും കുട്ടികൾക്ക് അപേക്ഷ നൽകാം. ജൂണ്‍ 25ന് എഴുത്തു പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നിന്ന് യോഗ്യത നേടുന്നവരുടെ ഇന്റര്‍വ്യൂ ജൂണ്‍ 29 മുതല്‍ ജൂലൈ ആറ് വരെ നടക്കും. സിവില്‍ സര്‍വീസ് പരിശീലനത്തോടൊപ്പം എം.ഇ.എ എഞ്ചിനീയറിങ് കോളജുമായി ചേര്‍ന്ന് ഈ വര്‍ഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരിശീലനവും ആരംഭിക്കും. കേരളത്തില്‍ നിന്ന് കേന്ദ്ര സര്‍വീസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയാണ് റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ എസ്.എസ്.സി കോച്ചിങ് ആരംഭിക്കുന്നത്.
ഉന്നത ഉദ്യോഗ രംഗത്ത് മലബാറില്‍ നിന്നുള്ള കൂടുതല്‍ ഉദ്യോഗാര്‍ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്രിയ പദ്ധതിയും മുദ്ര എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ മെയ് 28ന് നടക്കുന്ന പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റികളുടെ നേതൃത്വത്തിലാണ് ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. നിലവില്‍ സര്‍വീസിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തിരുന്നു.
രണ്ടാം ബാച്ചില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതോടെ അക്കാദമിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇതിന് പുറമെയാണ് ഓണ്‍ലൈന്‍ ബാച്ച് ആരംഭിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ തണലാണ് ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നത്. പ്ലസ് വണ്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായും ഹൈബ്രിഡായും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് ആരംഭിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിയോജക മണ്ഡലത്തിനകത്തും പുറത്തുമുള്ള വിവിധ കോളജുകളിലും വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫ്‌ലൈനായി സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കും.