'നിഖിൽ തോമസിന് പ്രവേശനം നൽകിയത് മാനേജ്‌മെന്റ് നിർദേശപ്രകാരം'; എം.എസ്.എം കോളജ് മുൻ പ്രിൻസിപ്പൽ
|'കൊമേഴ്‌സ് വകുപ്പ് മേധാവിയും കോളജ് സൂപ്രണ്ടും നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിട്ടുണ്ട്'
കൊച്ചി: ആലപ്പുഴയിലെ വ്യാജ സർട്ടിഫിക്കേറ്റ് വിവാദത്തില്‍ യൂണിവേഴ്സിറ്റിയെ പ്രതിക്കൂട്ടിലാക്കി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.ഭദ്രകുമാരി. എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് എം.എസ്.എം കോളജിൽ പ്രവേശനം നൽകിയത് മാനേജ്‌മെന്റ് നിർദേശപ്രകാരമെന്ന് എസ്. ഭദ്രകുമാരി മീഡിയവണിനോട് പറഞ്ഞു. നിഖിലിന് പ്രവേശനം നൽകണമെന്ന് മാനേജർ വിളിച്ചു ആവശ്യപ്പെട്ടു. സർവകലാശാല പ്രവേശന തീയതി നീട്ടിയ അവസരം ഉപയോഗിച്ചാണ് മാനേജ്‌മെന്റ് സീറ്റിൽ നിഖിൽ പ്രവേശനം നൽകിയത്.
കൊമേഴ്‌സ് വകുപ്പ് മേധാവിയും കോളജ് സൂപ്രണ്ടും നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിട്ടുണ്ട്. പ്രവേശനത്തിന് യോഗ്യനാണെന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകിയത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടോണ്ടെയെന്ന് തനിക്ക് അറിയില്ലെന്നും ഭദ്രകുമാരി പറഞ്ഞു.
അതേസമയം, എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫക്കറ്റ് വിവാദവും എം.കോം പ്രവേശനവും പൊലീസ് സ്വമേധയാ അന്വേഷിക്കും. കായംകുളം ഡി.വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കലിംഗ സർവകലാശാലയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ രണ്ട് അംഗ സംഘം പുറപ്പെട്ടിട്ടുണ്ട്.