എഡിഎമ്മിന്‍റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം, കണ്ണൂർ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ടച്ചുമതല
|കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും
കണ്ണൂര്‍: നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കും.
അതേസമയം എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തനെതിരായിട്ടാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തി. സർവീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം പ്രശാന്തന്‍ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശാന്തനെതിരെ തുടർനടപടി വേണമെന്നും ശിപാർശ. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ട്.
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.