ആറ്റിങ്ങൽ ക്ലൈമാക്‌സിൽ അടൂർ തന്നെ; റീകൗണ്ടിങ്ങിനൊടുവിൽ 684 വോട്ടുകൾക്ക് വിജയം
|മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്
ആറ്റിങ്ങൽ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന വിജയം അടൂർ പ്രകാശിന് തന്നെ. ആറ്റിങ്ങൽ മണ്ഡലത്തിൽ റീകൗണ്ടിംഗ് അവസാനിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് 684 വോട്ടുകൾക്ക് വിജയിച്ചു.
- അടൂർ പ്രകാശ് - 3,28,051
- അഡ്വ.വി.ജോയ് - 3,27,367
- വി.മുരളീധരൻ - 3,11,779
- അഡ്വ.സുരഭി - 4,524
- പ്രകാശ് പി.എൽ - 1,814
- പ്രകാശ് എസ് - 811
- സന്തോഷ്.കെ - 1,204
- നോട്ട -9,791
എൽഡിഎഫിന്റെ ആവശ്യപ്രകാരം പോസ്റ്റൽ വോട്ടുകളിലെ അസാധു വോട്ടുകളാണ് റീകൗണ്ട് ചെയ്തത്. തുടക്കം മുതൽ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ജയപരാജയങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ആറ്റിങ്ങലിൽ കണ്ടത്. എൽ.ഡി.എഫ്. സ്ഥാനാർഥിയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയ് ഉയർത്തിയ കടുത്ത പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിലായിരുന്നു അടൂർ പ്രകാശിന്റെ വിജയം.
അതേസമയം, മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. നിയമ നടപടികളിലേക്ക് പോകാനാണ് എൽഡിഎഫിന്റെ തീരുമാനം. 2019-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഡോ. എ.സമ്പത്തിനെതിരെ 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അടൂർ പ്രകാശ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയാണ് ആറ്റിങ്ങൽ പിടിച്ചത്. വി ജോയിയും അടൂർ പ്രകാശും ഇഞ്ചോടിഞ്ച് പോരാടിയ മണ്ഡലത്തിൽ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.