Kerala
ദത്തുവിവാദം; ഷിജുഖാനെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ച് അനുപമ
Kerala

ദത്തുവിവാദം; ഷിജുഖാനെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ച് അനുപമ

Web Desk
|
24 Nov 2021 12:53 AM GMT

ശിശുക്ഷേമ സമിതിയും സി.ഡബ്ലു.സിയും ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു അനുപമയുടെ ആരോപണം

പേരൂർക്കട ദത്തു വിവാദത്തിലെ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ എന്ത് നടപടിയെന്ന ചോദ്യം ബാക്കി. ശിശുക്ഷേമ സമിതിയും സി.ഡബ്ലു.സിയും ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു അനുപമയുടെ ആരോപണം. അത് ശരിവയ്ക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലം വന്നതോടെ എന്താകും ഇവര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയെന്നാണ് അറിയേണ്ടത്. കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശിശുവികസന വകുപ്പ് ഇന്ന് കോടതിയെ സമീപിക്കും.

അനുപമയും അജിത്തും ഉന്നയിച്ച ആരോപണങ്ങളില്‍, തങ്ങളെ വഴി തിരിച്ചുവിടാന്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ടത്. കുട്ടി അനുപയുടേതാണെന്ന് തെളിഞ്ഞതോടെ ആ നീക്കങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യം ബാക്കിയാകുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ സ്ഥാപനത്തിലാണ് ഇത്തരം ദുരൂഹമായ ഇടപെടലുകളുണ്ടായത്. സ്വാഭാവികമായും അതിനു കൂടി മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വീഴ്ച വരുത്തിയവര്‍ക്കതിരായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കുട്ടിയെ അമ്മത്തൊട്ടിലില്‍ നിന്ന് കിട്ടിയതെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ ആദ്യ വാദം. എന്നാല്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ നേരിട്ട് കൈമാറിയതാണെന്ന മറ്റൊരു വാദവും നിലനില്‍ക്കുന്നു. പൊലീസിനടക്കം ഇക്കാര്യത്തില്‍ സത്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഡി.എന്‍.എ പരിശോധനാ ഫലം ഇന്ന് കുടുംബ കോടതിയില്‍ സമര്‍പ്പിക്കാനാണ് ശിശുവികസന വകുപ്പിന്‍റെ തീരുമാനം. കേസ് നേര്‍ത്തെ പരിഗണിക്കണമെന്ന ഹരജി കൂടി സമര്‍പ്പിക്കും. കുഞ്ഞിന്‍റെ മേലുള്ള ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്ന് പിന്‍വലിക്കും. കേസിന്‍റെ നടപടിക്രമങ്ങള്‍ വേഗത്തിലായാല്‍ അനുപമക്ക് കുഞ്ഞിനെ പെട്ടെന്ന് കിട്ടും. പക്ഷേ കുഞ്ഞിന്‍റെ പേരില്‍ തുടങ്ങിയ പോരാട്ടം അവസാനിക്കില്ല.



Similar Posts