Kerala
ദത്ത് വിവാദം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം, ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
Kerala

ദത്ത് വിവാദം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം, ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Web Desk
|
26 Oct 2021 5:22 AM GMT

പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും ദുരഭിമാന കുറ്റകൃത്യമാണ് നടത്തിയത്. പാൽ മണം മാറാത്ത കുട്ടിയെ അമ്മയിൽ നിന്ന് വലിച്ചെടുത്തുവെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച കെ കെ രമ പറഞ്ഞു

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവം സഭയിൽ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. നിയമവിരുദ്ധമായാണ് അനുപമയുടെ കുഞ്ഞിനെ എടുത്ത് മാറ്റിയത്. ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കെകെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. എന്നാൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അനധികൃതമായി ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും മന്ത്രി വീണ ജോർജ് മറുപടി നൽകി.

കുട്ടിയെ തട്ടികൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപിയും പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും ദുരഭിമാന കുറ്റകൃത്യമാണ് നടത്തിയത്. പാൽ മണം മാറാത്ത കുട്ടിയെ അമ്മയിൽ നിന്ന് വലിച്ചെടുത്തുവെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച കെ കെ രമ പറഞ്ഞു.

"ആറു മാസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പോലീസ് ഒത്തുകളിച്ചു. ആന്ധ്രയിലെ ദമ്പതികളോടും ഭരണകൂടം കാട്ടിയത് ക്രൂരതയാണ്. ശിശുക്ഷേമ സമിതി പിരിച്ചു വിടണം. ശ്രീമതി ടീച്ചർ അനുപമ വിഷയത്തിൽ തോറ്റ് പോയെന്ന് പറയുന്നു. ആരാണ് ടീച്ചറെ തോൽപ്പിച്ചത്? ഭരണകൂടമാണോ? പോലീസിന്‍റെ നട്ടെല്ല് വളഞ്ഞിരിക്കുന്നു. കാക്കിയിട്ട പോലീസ് രാഷ്ട്രീയക്കാർക്ക് വേണ്ടി നിലകൊള്ളുന്നു. അനുപമയുടെ കൂടെയാണെന്ന് പറയുന്ന സർക്കാർ എന്നു മുതലാണ് അനുപമയ്ക്ക് ഒപ്പം എത്തിയത്. ആറ് മാസം എന്തെടുക്കുകയായിരുന്നു?"- കെ കെ രമ സഭയില്‍ ചോദിച്ചു.

എന്നാല്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചെന്ന് വീണ ജോർജ് മറുപടി നൽകി. "സർക്കാരിന്‍റെ മുന്നിൽ പ്രശ്നം വന്നപ്പോഴെ ഇടപെട്ടു. അങ്ങനെയാണ് കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്. ദത്ത് നൽകിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്നറിയില്ല. ആ കുട്ടിക്കും അവകാശങ്ങളുണ്ട്. നടപടിക്രമങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാൻ വനിതാ ശിശുക്ഷേമ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയെ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആരും അന്വേഷിച്ച് വന്നിട്ടില്ല. നടപടികൾ നിയമപരമായി നടന്നിട്ടുണ്ട്.

അനുപമ പരാതി നൽകിയപ്പോൾ തന്നെ ഓൺലൈനായി പരാതി കേട്ടു. അനുപമയുടെ ആവശ്യപ്രകാരം ഒരു കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തി. അത് നെഗറ്റീവായിരുന്നു. അമ്മ തൊട്ടിലിൽ ലഭിക്കുന്ന കുട്ടിയുടെ കാര്യത്തിലെ എല്ലാ നടപടികളും പാലിച്ചു. ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ല. പരാതിക്കാരിയുടെ ഒരു പരാതിയും അവഗണിച്ചിട്ടില്ല. ഒരു അനധികൃത ഇടപെടലും ഉണ്ടായിട്ടില്ല. സങ്കീർണ നിയമ പ്രക്രിയയുടെ കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അമ്മയ്ക്ക് കുട്ടിയെ ലഭിക്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്.കൂടുതൽ കാര്യങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ വെളിപ്പെടുത്താനാവില്ല."- വീണ ജോർജ് പറഞ്ഞു.

എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സ്വകാര്യതയുടെ വിഷയങ്ങൾ ഇതിലുണ്ടെന്നും കാണിച്ച് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Similar Posts