Kerala
മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്; കട്ടൗട്ട് വിവാദത്തിൽ പി.ടി.എ റഹീം  എം.എൽ.എ
Kerala

''മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്''; കട്ടൗട്ട് വിവാദത്തിൽ പി.ടി.എ റഹീം എം.എൽ.എ

Web Desk
|
7 Nov 2022 4:47 AM GMT

പുള്ളാവൂര്‍ പുഴയില്‍ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടുമെത്തിയതോടെയാണ് ട്രോളുമായി എം.എല്‍.എ എത്തിയത്

കോഴിക്കോട്: മെസ്സിക്കും നെയ്മർക്കും പിറകേ പുള്ളാവൂർ പുഴയിൽ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടുമെത്തിയതോടെ ഫുട്ബോള്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. കട്ടൗട്ട് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് 50 അടി പൊക്കത്തിൽ മെസ്സിക്കും നെയ്മർക്കുമിടയിലേക്ക് ക്രിസ്റ്റ്യാനോയുമെത്തിയത്. ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് എത്തിയതിന് പിന്നാലെ വിവാദങ്ങളുണ്ടാക്കുന്നവരെ ട്രോളി അഡ്വ.പി.ടി.എ റഹീം എം.എൽ.എ രംഗത്തെത്തി.. ''മൂന്നാമനും ഇറങ്ങി.. മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്'' എന്നാണ് എം.എൽ.എ കുറിച്ചത്.

അതിനിടെ പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്ന് അവകാശപ്പെട്ട് കൊടുവള്ളി നഗരസഭ രംഗത്തെത്തി. ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്നും പരാതി ലഭിച്ചാലും നടപടിയുണ്ടാകില്ലെന്നും നഗരസഭ ഭരണകൂടം വ്യക്തമാക്കി. നേരത്തെ, അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ നീക്കംചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചതായി വാർത്തകള്‍ പുറത്തു വന്നിരുന്നു.

എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് ഈ നിലപാടിൽനിന്ന് പിന്നീട് പിന്മാറി. ഫാൻസ് അസോസിയേഷനുകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും കട്ടൗട്ടുകൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓലിക്കൽ അറിയിച്ചു. കട്ടൗട്ടുകൾ മാറ്റില്ലെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു. നടപടി വന്നാൽ നിയമപരമായി നീങ്ങാനും ഒരുക്കമാണെന്നും അവർ സൂചിപ്പിച്ചു.

ഫുട്‌ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്ന കട്ടൗട്ടുകളാണ് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സിയുടെ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്. 30 അടി പൊക്കമാണ് കട്ടൗട്ടിനുണ്ടായിരുന്നത്.

കട്ടൗട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനു പിന്നാലെ ബ്രസീൽ ആരാധകരും രംഗത്തെത്തി. പത്തടി കൂടി അധികം പൊക്കമുള്ള ഭീമൻ നെയ്മർ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ പുഴയിൽ തൊട്ടരികെ സ്ഥാപിച്ചത്..


Similar Posts