മുന്നാക്ക സംവരണം: സുപ്രീംകോടതി വിധി ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങൾക്കെതിര്- ജമാഅത്തെ ഇസ്ലാമി
|രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹ്യനീതി താൽപര്യങ്ങൾക്കെതിരാണ് വിധി
കോഴിക്കോട്: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം അനുവദിക്കുന്ന ഭരണഘടനാഭേദഗതി ശരിവെക്കുന്ന സുപ്രിംകോടതി വിധിതീർപ്പ് ഭരണഘടനയുടെ സാമൂഹിക നീതി തത്വങ്ങളെ നിരാകരിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹ്യനീതി താൽപര്യങ്ങൾക്കെതിരാണ് വിധി. സാമൂഹ്യനീതിയും സംവരണവുമായും ബന്ധപ്പെട്ട ഇന്ത്യൻ ജുഡീഷ്യറിയുടെ ഉജ്വലമായ ചരിത്രത്തെയും വിധിതീർപ്പുകളുടെയും കളങ്കപ്പെടുത്തുന്നതും നിരാകരിക്കുന്നതുമാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിതീർപ്പ്. നിരവധി വിധിന്യായങ്ങളിൽ സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ ന്യായമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്.
ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായി പുറംതളളപ്പെടുകയും അധികാര പങ്കാളിത്തം ഇല്ലാതെ പോവുകയും ചെയ്ത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്നാണ് സംവരണം നിർദേശിക്കുന്ന വകുപ്പുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഇതാണ് വിധിയിലൂടെ അട്ടിമറിക്കപ്പെടുന്നത്. ഭരണഘടനയ്ക്കപ്പുറത്ത് ഭരണകൂട താൽപര്യങ്ങൾക്ക് ജുഡീഷ്യറി വിധേയമാകുന്നുണ്ട് എന്ന സംശയം ജനിപ്പിക്കാൻ ഇത്തരം വിധികൾ കാരണമാകും. അഞ്ചംഗ ബഞ്ചിൽ രണ്ടുപേർ വിധിയോട് വിയോജിച്ചിരിക്കെ, കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന് വിടണമെന്നും അമീർ ചൂണ്ടിക്കാട്ടി.