അരിക്കൊമ്പനെ നിരീക്ഷിക്കാൻ വിപുലമായ ക്രമീകരണങ്ങൾ; വനത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം
|ഇടക്കിടക്ക് അരിക്കൊമ്പൻ റേഞ്ചിനു പുറത്താകുന്നത് വനംവകുപ്പിനെ കുഴക്കുന്നുണ്ട്
ഇടുക്കി: കേരള - തമിഴ്‌നാട് വനാതിർത്തിയിൽ അരിക്കൊമ്പൻ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്‌നലുകൾ വഴിയും വി.എച്ച്.എഫ് ആന്റിന ഉപയോഗിച്ചുംവനത്തിനുള്ളിൽ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചുമാണ് വനം വകുപ്പിന്റെ നിരീക്ഷണം .
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടന വനംവകുപ്പിന് കൈമാറിയ ജിപിഎസ് കോളറാണ് അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനെ 26 ഉഹഗ്രഹങ്ങളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂർ ഇടവിട്ട് ആനയുള്ള സ്ഥലം, സഞ്ചാരപഥം എന്നിവ സംബന്ധിച്ച സിഗ്‌നൽ കോളറിൽ നിന്ന് ഉപഗ്രഹങ്ങൾക്ക് ലഭിക്കും. ആഫ്രിക്കൻ എലിഫൻറ് ട്രാക്കർ എന്ന വെബ് പോർട്ടൽ വഴിയാണ് വനംവകുപ്പിന് വിവരങ്ങൾ ലഭിക്കുന്നത്.
മേഘാവൃതമായ അന്തരീക്ഷമുള്ളപ്പോഴും ഇടതൂർന്ന വനത്തിൽ ആനയുള്ളപ്പോഴും സിഗ്‌നലുകൾ നഷ്ടമാകാൻ സാധ്യതയുണ്ട്. പിന്നീട് ഇവ ഒന്നാകെ ലഭിക്കും. കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ കാട്ടാന പൊട്ടിച്ചു കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങൾക്ക് പുറമെ വനത്തിനുള്ളിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും വനം വകുപ്പ് നടത്തുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇടക്കിടക്ക് അരിക്കൊമ്പൻ റേഞ്ചിനു പുറത്താകുന്നത് വനംവകുപ്പിനെ കുഴക്കുന്നുണ്ട്.