'കുറുപ്പി'ന് പിന്നാലെ 'സീതാരാമ'വും?; ദുൽഖറിന്റെ ബോക്‌സ് ഓഫീസ് തേരോട്ടം
|സീതാരാമം15 ദിവസം കൊണ്ട് നേടിയത് 65 കോടിയാണ്
ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് 112 കോടി ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമയിരുന്നു. ഇപ്പോഴിതാ ദുൽഖറിന്റേതായി അവസാനം തിയറ്ററിലെത്തിയ സീതാരാമത്തിന്റെ കളക്ഷൻ വിവരങ്ങളും ചർച്ചയാവുന്നു. ചിത്രത്തിന് 5 ദിവസം കൊണ്ട് 65 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
സീതാരാമം ഈ വാരാന്ത്യത്തിൽ കൂടുതൽ വരുമാനം നേടുമെന്നാണ് അണിറ പ്രവർത്തകരുടെ പ്രതീക്ഷ. അങ്ങനെ വന്നാൽ നൂറുകോടി ക്ലബ്ബിലെത്തുന്ന മറ്റൊരു ദുൽഖർ ചിത്രമായി സീതാരാമം മാറുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.
ചിത്രം ഇങ്ങനെ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല, സന്തോഷമുണ്ടെന്ന് ദുൽഖർ പറഞ്ഞു.''ഒരു ശുദ്ധമായ പ്രണയകഥ ചെയ്യണമെന്ന് തോന്നിയിരുന്നു. അത്തരത്തിൽ ഒരു ചിത്രം ചെയ്തിട്ടും ഒരുപാട് നാളായിരുന്നു. തിരക്കഥ കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ശുദ്ധ വിന്റേജ് പ്രണയകഥയായാണ് അത് തോന്നിയത്. സീതാരാമത്തിന്റെ നരേഷൻ കേട്ടപ്പോൾ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. എന്നാൽ ആ കാലഘട്ടത്തിന്റെ രുചിയും സംഗീതവും സംഘട്ടനവുമെല്ലാം ഇഷ്ടമാകുകയും ചെയ്തു''. ദുൽഖർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിൽ തിയറ്ററിലെത്തിയ കുറുപ്പിന് മികച്ച തിയറ്റർ വരുമാനമാണ് നേടാനായത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുള്ള കളക്ഷൻ ഉൾപ്പെടെ 112 കോടിയാണ് ചിത്രം നേടിയത്. ഉയർന്ന സാറ്റലൈറ്റ് റൈറ്റ്സിനു പുറമെ തിയേറ്റർ വരുമാനവുമാണ് ചിത്രത്തെ 100 കോടി ക്ലബ്ബെത്തിച്ചത്. തിയേറ്ററുകളിൽ 50 ശതമാനം മാത്രം ആളുകളെ അനുവദിച്ചുകൊണ്ടുള്ള പ്രദർശനമായിട്ടുകൂടിയാണ് മികച്ച കളക്ഷൻ ചിത്രം നേടിയത്.