പാര്‍ട്ടി സസ്പെന്‍ഷന് പിന്നാലെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണിശങ്കറിനെ നീക്കി
|നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സികെ മണിശങ്കറിനെ ഒരു വർഷത്തേക്ക് സി.പി.എം സസ്പെന്‍ഡ് ചെയ്തിരുന്നു.
സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.കെ മണിശങ്കറിനെ നീക്കി. പദവിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മണിശങ്കർ നേരത്തെ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സികെ മണിശങ്കർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നു സസ്പെന്‍ഷനായിരുന്നു നടപടി. ഇതിന് പിന്നാലെ സി.ഐ.ടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.കെ മണിശങ്കര്‍ നേതൃത്വത്തിന് കത്ത് നൽകി.
അച്ചടക്ക നടപടി നേരിട്ടയാൾ വര്‍ഗ-ബഹുജന സംഘടന പദവിയിൽ തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കത്ത്. ഇത് പരിഗണിച്ചാണ് മണിശങ്കറെ സി.ഐ.ടി.യു ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് സി.പി.എം ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. ജില്ലയിലെ മുതിർന്ന നേതാവിനെതിരെ സ്വീകരിച്ച കടുത്ത അച്ചടക്ക നടപടിയില്‍ പാർട്ടിയിലെ പലകോണിൽനിന്നും എതിരഭിപ്രായം ഉയർന്നിട്ടുണ്ട് . എന്നാൽ പാർട്ടിക്ക് വിധേയനായി നിലകൊള്ളുമെന്ന നിലപാടിലാണ് സി.കെ മണിശങ്കർ .