ആശങ്കയുയർത്തി എറണാകുളം ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനം
|വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകൾക്ക് പുറമെ കളമശേരിയിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്
കൊച്ചി: ആശങ്കയുയർത്തി എറണാകുളം ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനം. വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകൾക്ക് പുറമെ കളമശേരിയിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. വേങ്ങൂരിൽ രോഗപ്രതിരോധ പ്രവർത്തനത്തിന് പുറമെ ചികിത്സ സഹായം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുകയാണ്.
ഏപ്രിൽ 17നാണ് വേങ്ങൂരിൽ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചത്. മരണം റിപ്പോർട്ട് ചെയ്യുകയും 200ലധികം പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ജലവിഭവ വകുപ്പിന്‍റെ കുടിവെള്ള സംഭരണിയിൽ നിന്നാണ് രോഗവ്യാപനം ഉണ്ടായത് എന്നാണ് ആദ്യം ഉയർന്ന ആരോപണം. ഇതേക്കുറിച്ച് ഉൾപ്പെടെ സർക്കാർതലത്തിൽ അന്വേഷിക്കണം എന്നാണ് പഞ്ചായത്ത് അധികൃതർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടത്. രോഗപ്രതിരോധ പ്രവർത്തനത്തിന് പുറമെ ചികിത്സാ സഹായവും ആവശ്യപ്പെട്ടിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം സംബന്ധിച്ച് ജില്ലാ കലക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുകയാണ്. മഞ്ഞപ്പിത്ത വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കളമശേരിയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. കടകൾ കേന്ദ്രീകരിച്ചുള്ള ശുചിത്വ പരിശോധന ഇന്നും തുടരും.