'നേതൃതലത്തിൽ 75 കഴിഞ്ഞവര്‍ വേണ്ട'; പ്രായപരിധി കർശനമാക്കി സി.പി.ഐ
|സംസ്ഥാന ഭാരവാഹികൾക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാർക്ക് അറുപത് വയസ്സുമാണ് പ്രായപരിധി.
സി പി ഐയിൽ പ്രായപരിധി കർശനമാക്കി. നേതൃതലത്തിലാണ് സി.പി.ഐ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികൾക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാർക്ക് അറുപത് വയസ്സുമാണ് പ്രായപരിധി. അതേസമയം ബ്രാഞ്ച് തലത്തിൽ പ്രായപരിധി ബാധകമാകില്ല. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന സി.പി.ഐ ദേശീയ കൗൺസിലിൽ ദേശീയ കൗൺസിൽ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചിരുന്നു. ഇതു സംസ്ഥാനനേതൃതലത്തിലും ബാധകമാക്കി അംഗീകരിക്കാന്‍ ഇന്ന് കൂടിയ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു.
അതേസമയം ഇന്നുകൂടിയ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ പൊലീസ് നടപടിക്കെതിരെ വലിയ തരത്തില്‍ വിമർശനമുയര്‍ന്നു. കഴക്കൂട്ടത്ത് കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് സി.പി.ഐ വിമര്‍ശനമുന്നയിച്ചത്. പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. സംഭവം സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.
കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. മംഗലപുരം സി.ഐ ആണ് ബൂട്ടിട്ട് ചവിട്ടിയതെന്ന് മർദനമേറ്റയാൾ മീഡിയവണിനോട് പറഞ്ഞു. നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങിയതിനെത്തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങി. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയെ വിമര്‍ശിച്ച് സി.പി.ഐ രംഗത്തെത്തിയത്.