Kerala
Aggravating the crisis in JDS, CK Nanu writes to the LDF leadership again, JDS split, CK Nanu, LDF
Kerala

ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു; എല്‍.ഡി.എഫ് നേതൃത്വത്തിന് വീണ്ടും കത്ത്

Web Desk
|
6 Jan 2024 1:12 AM GMT

എല്‍.ഡി.എഫ് തീരുമാനം മാത്യു ടി. തോമസിനും കെ. കൃഷ്ണന്‍കുട്ടിക്കും നിർണായകമാകും

തിരുവനന്തപുരം: ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു. എല്‍.ഡി.എഫ് നേതൃത്വത്തിന് അദ്ദേഹം വീണ്ടും കത്തുനല്‍കി. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. എല്‍.ഡി.എഫ് തീരുമാനം മാത്യു ടി. തോമസിനും കെ. കൃഷ്ണന്‍കുട്ടിക്കും നിർണായകമാണ്.

ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെ.ഡി.എസ് എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് സംസ്ഥാനപാർട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമില്ലെന്ന് പറഞ്ഞ് അതേ പാർട്ടിയായി എല്‍.ഡി.എഫില്‍ തുടരുകയായിരിന്നു ജെ.ഡി.എസ്. ഇതില്‍ മുതിർന്ന നേതാവ് സി.കെ നാണു ഉടക്കിട്ടു. പ്രത്യേക യോഗം വിളിച്ച് ദേവഗൗഡയെ പാർട്ടിയില്‍നിന്ന് പുറത്താക്കി.

തിരിച്ച് ദേവഗൗഡയും സി.കെ നാണുവിനെ പുറത്താക്കി. ഇതിനു പിന്നാലെ തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്ന് കാട്ടി എല്‍.ഡി.എഫ് നേതൃത്വത്തിന് സി.കെ നാണു കത്തും നല്‍കി. ഇത് മുന്നണി നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു കത്തുകൂടി സി.കെ നാണു എല്‍.ഡി.എഫ് നേതൃത്വത്തിന് നല്‍കിയത്. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിക്കണമെന്നാണ് ആവശ്യം. മാത്യു ടി. തോമസിന്‍റെയും കെ. കൃഷ്ണന്‍കുട്ടിയുടെയും കൂടെയുള്ളവരെ മാറ്റണമെന്നാണു കത്തിന്‍റെ ചുരുക്കം.

മുന്നണി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് മാത്യുവിനും കൃഷ്ണന്‍കുട്ടിയ്ക്കും നിർണായകമാകും.

Summary: Aggravating the crisis in JDS, CK Nanu writes to the LDF leadership again

Similar Posts