അഗ്നിപഥ്: വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചന: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
|'നാലു വർഷത്തെ സൈനിക പരിശീലനത്തോടെ പുറത്തിറങ്ങുന്ന യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കുന്ന വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിതമായ ഗൂഢാലോചന കൂടിയാണ് അഗ്നിപഥ്'
തിരുവനന്തപുരം: അഗ്നിപഥ് വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. അഗ്നിപഥ് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു പദ്ധതിയാണ്. ചർച്ചയൊന്നും കൂടാതെ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതിക്കെതിരെ രാജ്യത്തുടനീളം തുടരുന്ന പ്രതിഷേധങ്ങൾ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞതായും കുറഞ്ഞ സമയം കൊണ്ട് ധാരാളം യുവാക്കളെ സൈനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി സാമൂഹിക അസമത്വവും പരസ്പര വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ വളർത്തുന്നതിനാണ് ഉപകരിക്കുക. മാത്രമല്ല, ആർ.എസ്.എസ് വളരെ നേരത്തെതന്നെ വിഭാവനം ചെയ്തു വരുന്ന ഒരു പദ്ധതി കൂടിയാണിതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു.
നാലു വർഷത്തെ സൈനിക പരിശീലനത്തോടെ പുറത്തിറങ്ങുന്ന യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കുന്ന വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിതമായ ഗൂഢാലോചന കൂടിയാണ് അഗ്നിപഥ്. സൈനിക റിക്രൂട്ട്മെൻ്റിൽ ആർ.എസ്.എസുകാരായ യുവാക്കൾക്ക് മുൻതൂക്കം നൽകുകയും അവരെ സർക്കാർ ചെലവിൽ ട്രെയിൻഡ് കേഡറ്റുകൾ ആക്കി മാറ്റുകയും ചെയ്യുകയാവും ഇതിൽ സംഭവിക്കുക. ചുരുങ്ങിയ കാലത്തെ സൈനികസേവനം അവസാനിപ്പിച്ച് സമൂഹത്തിൽ മടങ്ങിയെത്തുന്ന ഈ യുവാക്കളെ കൊണ്ട് ആർ.എസ്.എസ് ലക്ഷ്യമിടുന്ന പദ്ധതികൾ എന്താണെന്നത് വളരെ കൃത്യമാണെന്നും ഫ്രറ്റേണിറ്റി വ്യക്തമാക്കി.
തൊഴിലില്ലായ്മയിൽ നിന്ന് യുവാക്കളെ രക്ഷിക്കുന്നതിനു വേണ്ടി എന്ന പേരിൽ നടപ്പിലാക്കപ്പെടുന്നതും രാജ്യ സ്നേഹത്തിന്‍റെ പേരിൽ ആകർഷകമായി തോന്നിപ്പിക്കുന്നതുമായ ഈ പദ്ധതിക്കെതിരെ തെരുവിൽ ഉയരുന്ന പ്രതിഷേധങ്ങൾ യുവാക്കളിൽ തീവ്രദേശീയതയുടെ വൈകാരിക ആവേശം പ്രതിഫലിപ്പിക്കുന്നതിന് കൂടിയുള്ളതാണ്. ഇങ്ങനെ വളർത്തിയെടുക്കുന്ന അതിതീവ്ര ദേശീയത രാജ്യത്ത് ആർ.എസ്.എസ് ഉൽപ്പാദിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ സൈനിക വിഭാഗത്തിൻ്റെ സജീവമായ ഒരു ആലോചനയെ മുന്നിൽ കണ്ടു കൂടി നടപ്പിലാക്കപ്പെടുന്നതാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രസ്താവനയില്‍ പറഞ്ഞു.
ആവശ്യമായ പരിശീലനമോ മതിയായ തൊഴിൽ സുരക്ഷയോ വിഭാവന ചെയ്യാത്ത അഗ്നിപഥ് മുഖേന സമൂഹത്തിലേക്ക് തിരിച്ചെത്തുന്ന യുവാക്കൾ സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക പ്രതിസന്ധിയും ഭീകരമായിരിക്കും. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കേണ്ട യുവാക്കളുടെ കായിക ശേഷിയെ തന്നെ ബലിയാടാക്കുന്ന ഈ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.