കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക്; തിരച്ചിലിന് തൃശൂരിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കും
|ഉത്തര കന്നട ജില്ലാ കലക്ടർ തൃശൂർ കലക്ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിന് തൃശൂരിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ഇതിനായി തൃശൂരിൽ നിന്ന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു. രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാറും മെഷീൻ ഓപ്പറേറ്ററുമാണ് സംഘത്തിലുള്ളത്. ഉത്തര കന്നട ജില്ലാ കലക്ടർ തൃശൂർ ജില്ലാ കലക്ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘം ഇന്ന് രാത്രിയോടുകൂടി ഷിരൂരിലെത്തും.
അർജുനായുള്ള രക്ഷാദൗത്യം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ജൂലൈ 16 നാണ് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് നദിയിലിറങ്ങിയുള്ള തിരച്ചിൽ നിർത്താൻ കാരണമായി കർണാടക സർക്കാർ പറയുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിനെതിരെ കേരള സർക്കാരും അർജുന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.