'റിഹാബ് ഫൗണ്ടേഷനുമായി അഹമ്മദ് ദേവർ കോവിലിന് അടുത്ത ബന്ധം'; ഐ.എൻ.എലിനെതിരെ കെ സുരേന്ദ്രൻ
|''പിഎഫ്‌ഐ നിരോധനം ശരിയായ തീരുമാനം. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു''
തിരുവനന്തപുരം: നിരോധിച്ച പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവൻ. എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിഎഫ്‌ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സിപിഎമ്മിനും കോൺഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ആർ.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്‌ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ചേർന്ന് ഇടത്-വലത് മുന്നണിക്ക് ഭരണമുണ്ട്. ഇതവസാനിപ്പിക്കാൻ തയ്യാറാകുമോ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.
അതേസമയം പോപുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമേർപ്പെടുത്തിയ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്.ഡി.പി.ഐയുടെ നിലപാട്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നുവെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസി പ്രസ്താവനയിൽ പറഞ്ഞു.
പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ബി.ജെ.പി നേതൃത്വം നൽകുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ ഒരുമിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. എന്നാൽ നിരോധനത്തെ സംബന്ധിച്ച് അഖിലേന്ത്യാനേതൃത്വം നിലപാട് പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു.
അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എന്നാല്‍ എസ്.ഡി.പി.ഐയെയും നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ പാർട്ടി ആയതിനാൽ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് റിപ്പോർട്ട്.
കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്‌സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്‌സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.