പിഴ ഇനത്തിൽ സർക്കാർ ലക്ഷ്യമിടുന്നത് 420 കോടി; കെൽട്രോണിനായി ധനവകുപ്പിനെയും തള്ളി
|രണ്ട് കരാറുകളും കെൽട്രോണിന് നൽകുന്നതിനെ ധനവകുപ്പ് എതിർത്തതിന്റെ ക്യാബിനറ്റ് രേഖ മീഡിയവണിന്
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ 726 എ.ഐ കാമറകളിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത് 420.25 കോടി രൂപ. അഞ്ച് വർഷം കൊണ്ട് ഈ വരുമാനം സാധ്യമാകുമെന്ന് വിശദീകരിക്കുന്ന ക്യാബിനറ്റ് രേഖ മീഡിയവണിന് ലഭിച്ചു. കെൽട്രോണിന് രണ്ട് കരാറുകൾ ഒരുമിച്ച് നൽകുന്നതിനെ ധനവകുപ്പ് എതിർത്തെങ്കിലും മന്ത്രിസഭാ യോഗം ഇത് അവഗണിക്കുകയായിരുന്നുവെന്നും കാബിനറ്റ് നോട്ട് തെളിയിക്കുന്നു.
മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ് ഖണ്ഡിക നാലിലാണ് അഞ്ച് വർഷം കൊണ്ട് ലഭിക്കുന്ന വരുമാനം വിശദീകരിക്കുന്നത്. പ്രവർത്തനചെലവ് കഴിഞ്ഞ് അഞ്ച് വർഷം കൊണ്ട് 188 കോടി അധിക വരുമാനം സർക്കാരിന് ലഭിക്കുന്നതാണെന്ന് കെൽട്രോൺ അവകാശപ്പെടുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. അതായത് പദ്ധതി ചെലവ് ആയ 232.25 കോടിയും അധികമായി 188 കോടിയും ഉൾപ്പെടെ 420.25 കോടി സർക്കാർ ഖജനാവിൽ എത്തും. 2019 ൽ എക്‌സ്പ്രഷൻ ഓഫ് ഇന്ററെസ്റ്റ് വിളിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും കെൽട്രോൺ അത് ചെയ്തിട്ടില്ലെന്ന് മന്ത്രിസഭ യോഗ കുറിപ്പിൽ സൂചിപ്പിക്കുന്നു. കെൽട്രോണിന്റെ ഈ നടപടി ദുരൂഹമാണ്.
പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി ആയി മാത്രമേ കെൽട്രോൺ പ്രവർത്തിക്കാവൂ എന്നായിരുന്നു ധനവകുപ്പിന്റെ നിലപാടെന്ന് കാബിനറ്റ് നോട്ടിൽ ഉണ്ട്. എന്നാൽ മന്ത്രിസഭ യോഗം ധനവകുപ്പ് നിലപാട് തള്ളി. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയോടൊപ്പം ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസ് ഏജൻസിയായും കെൽട്രോണിനെ മന്ത്രിസഭ യോഗം തെരഞ്ഞെടുത്തു. കെൽട്രോണിന് കൺസൾട്ടിംഗ് ചാർജ് മാത്രം 7.56 കോടി രൂപയാണ്.
പദ്ധതിക്ക് ആവശ്യമായ കാമറകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് കെൽട്രോൺ ടെണ്ടർ വിളിച്ചിരുന്നു. ടെണ്ടറിൽ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും മന്ത്രിസഭാ യോഗ കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.