'എ.ഐ ക്യാമറാ വിവാദം വസ്തുതാവിരുദ്ധം'; വ്യവസായ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു
|പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനെ വെള്ളപൂശി വ്യവസായ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. നടപടികള്‍ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാനമുടനീളം എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറി. പ്രതിപക്ഷമടക്കം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഉപകരാര്‍ നല്‍കിയതിലും യാതൊരു തെറ്റുമില്ലെന്ന് മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എന്നാല്‍ ഉപകരാര്‍ നല്‍കിയ കമ്പനിയുടെ പേര് കരാറില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അല്‍ ഹിന്ദ് കമ്പനി പിന്‍മാറിയ കാര്യം സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലെന്നും അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ എന്ത് കൊണ്ട് കോടതിയില്‍ പോകുന്നില്ലെന്നും മന്ത്രി ചോദിച്ചു.