എ.ഐ. ക്യാമറയിലെ നിയമലംഘനം: പിഴ ഈടാക്കുന്ന സമയ പരിധി നീട്ടി
|ജൂൺ 5 മുതൽ പിഴ ഈടാക്കിയാല്‍ മതിയെന്ന് ഗതാഗത മന്ത്രിയുടെ യോഗത്തിൽ തീരുമാനമായി
തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എ.ഐ ക്യാമറകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള സമയ പരിധി നീട്ടി. ജൂൺ 5 മുതൽ പിഴ ഈടാക്കിയാല്‍ മതിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ പതിനാല് കണ്ട്രോള്‍ റൂമുകളിലും ജൂണ്‍ 5 മുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് കെല്‍ട്രോണും യോഗത്തില്‍ അറിയിച്ചു.
നേരത്തെ എ.ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മേയ് 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി മുന്നറിയിപ്പ് നോട്ടീസ് അയക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് നോട്ടീസ് അയക്കുന്നത് വൈകിയതിന്‍റെ പശ്ചാത്തലത്തിലാണ് പിഴ ഈടാക്കുന്ന തിയതിയില്‍ മാറ്റം വരുത്തിയത്.
ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നൽകുന്നതിൽ നിയമോപദേശം തേടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ പിഴ ഈടാക്കേണ്ടയെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.