എഐ ക്യാമറ അഴിമതി ആരോപണം; സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം
|മുഴുവന്‍ ആരോപണങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം
എഐ ക്യാമറ അഴിമതി ആരോപണത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. നാളെ ചേരുന്ന യുഡിഎഫ് യോഗം സമരപരിപാടികൾ ആസൂത്രണം ചെയ്യും. എ.ഐ ക്യാമറ ഇടപാടിന് പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതികരിക്കാൻ സർക്കാർ തയാറാകാത്തതെന്തെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്.
ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് ഇപ്പോഴത്തെ ഗതാഗതമന്ത്രി ആൻറണി രാജുവും ഓർമ്മയില്ലെന്ന് പഴയ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പറയുകയാണ്. മൗനം വെടിഞ്ഞ് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നാണ് പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരിച്ചാണ് ഇടപാട് സംബന്ധിച്ച രേഖകൾ പുറത്തുവിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
കെൽട്രോൺ സിംഎഡിക്ക് എം ശിവശങ്കറിൻറെ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി ചെന്നിത്തല തൊടുത്തുവിട്ടിട്ടുണ്ട്. എഐ ക്യാമറ സ്ഥാപിച്ച സമയത്ത് നിയമം പാലിക്കണമെന്ന ക്ലാസൊക്കെ എടുത്ത ഇടത് നേതാക്കളാരും അഴിമതി ആരോപണത്തിൽ ശബ്ദിക്കുന്നില്ല. എല്ലാം സർക്കാർ അന്വേഷിക്കുമെന്ന് പറഞ്ഞ് സിപിഎത സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിവാദത്തിൽ നിന്ന് തലയൂരുകയാണ്.