കോതമംഗലത്ത് എഐ ക്യാമറ തകർത്ത സംഭവം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
|കോതമംഗലത്തെ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറകളാണ് കഴിഞ്ഞ ദിവസം കേബിൾ മുറിച്ച് തകർത്ത നിലയിൽ കണ്ടെത്തിയത്
കൊച്ചി: എറണാകുളം കോതമംഗലത്ത് എഐ ക്യാമറ തകർത്ത പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കോതമംഗലത്തെ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറകളാണ് കഴിഞ്ഞ ദിവസം കേബിൾ മുറിച്ച് തകർത്ത നിലയിൽ കണ്ടെത്തിയത്.
ഈ മാസം ഏഴാം തിയതി പുലർച്ചെയായിരുന്നു സംഭവം. എഐ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ കണ്ട്രോൾ റൂമിലേക്ക് ലഭിക്കാത്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കോതമംഗലം സർക്കാർ ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലുമായി സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകൾ തകരാറിലായെന്ന് കണ്ടെത്തിയത്. ക്യാമറകൾ കേബിൾ മുറിച്ച നിലയിലായിരുന്നു. 10000 രൂപ വീതം വില വരുന്ന ക്യാമറകളാണ് തകർത്തത്.
അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നൽകിയ പരാതിയിൽ കോതമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിച്ചതിനാണ് കേസ്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന സൂചന. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.