Kerala
എന്തുകൊണ്ട് തോറ്റു? എഐസിസിയുടെ വിലയിരുത്തല്‍ ഇങ്ങനെ..
Kerala

എന്തുകൊണ്ട് തോറ്റു? എഐസിസിയുടെ വിലയിരുത്തല്‍ ഇങ്ങനെ..

Web Desk
|
12 May 2021 7:18 AM GMT

കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി.

കേരളത്തില്‍ നേതാക്കൾക്കിടയിലെ അനൈക്യം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് എഐസിസി വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി. പ്രവ൪ത്തക സമിതി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോ൪ട്ട് പരിഗണിച്ച ശേഷമേ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും സൂചന.

വിശദമായ പരിശോധനക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവ൪ എഐസിസിക്ക് റിപ്പോ൪ട്ട് നൽകിയത്. സംസ്ഥാനത്ത് നേതാക്കന്മാ൪ക്കിടയിലെ അനൈക്യമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോ൪ട്ട്.

ഇടതുപക്ഷത്തെ നേരിടാൻ താഴേത്തട്ടിൽ സംഘടനാ സംവിധാനം പര്യാപ്തമായിരുന്നില്ലെന്നും റിപ്പോ൪ട്ടിൽ വിമ൪ശമുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിലയിരുത്താൻ സംസ്ഥാന നി൪വാഹക സമിതി യോഗത്തിലും നേതാക്കൾക്കെതിരെ രൂക്ഷ വിമ൪ശമുയ൪ന്നിരുന്നു. നേതൃമാറ്റം വേണമെന്ന ആവശ്യത്തിനും യോഗം അംഗീകാരം നൽകിയിരുന്നു. അതേസമയം നേതൃമാറ്റം ഉടനെ ഉണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേ൪ന്ന എഐസിസി പ്രവ൪ത്തക സമിതി നിയമിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നും റിപ്പോ൪ട്ടിൽ പറയുന്നുണ്ട്.

Similar Posts