Kerala
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണം; വെള്ളാപ്പള്ളിക്കു പിന്നാലെ ആവശ്യം ശക്തമാകുന്നു
Kerala

എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണം; വെള്ളാപ്പള്ളിക്കു പിന്നാലെ ആവശ്യം ശക്തമാകുന്നു

Web Desk
|
25 April 2022 4:58 PM GMT

എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്കു വിടണമെന്ന ആവശ്യം എം.ഇ.എസ് ചെയർമാൻ ഫസൽ ഗഫൂറും മുന്‍പ് ഉയര്‍ത്തിയിരുന്നു

കോഴിക്കോട്: എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് കഴിഞ്ഞ ദിവസം ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ, എം.ഇ.എസ് ചെയർമാൻ ഫസൽ ഗഫൂറും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ന് വെൽഫെയർ പാർട്ടിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ദലിത് സംഘടനകൾ നിരന്തരം ഉയർത്തിക്കൊണ്ടിരുന്ന വിഷയമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലൂടെ വീണ്ടും പൊതുചർച്ചയിൽ സജീവമാകുന്നത്. മറ്റ് മാനേജ്‌മെന്റുകളും തയാറാണെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്നാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം അറിയിച്ചത്. പി.എസ്.സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

''സ്വകാര്യ വിദ്യാലയങ്ങളിൽ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നതു സർക്കാരുമാണ്. ഇത് എന്തൊരു ജനാധിപത്യമാണ്? സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സി.ക്കു വിടണം. കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്‌കൂളുകളാണ് കൈവശംവച്ചിരിക്കുന്നത്. 33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങൾ അതേസമയം 33-38 ശതമാനം വരെ അംഗസംഖ്യ ഉയർത്തുകയും ചെയ്തു. ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാൽ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്നത് ചരിത്രത്തിൽ മാത്രമാകും''- അദ്ദേഹം പറഞ്ഞു.

നിലപാട് ആവർത്തിച്ച് വെള്ളാപ്പള്ളി

എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയന്റെ ഒരു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ വിഷയം കഴിഞ്ഞ ദിവസം ട്രൂകോപ്പിക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. ഏതെല്ലാം സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനം കൂടുതലായുണ്ടോ അവർക്ക് വിദ്യാഭ്യാസപരമായി ഉയരാൻ സാധിക്കുന്നതിനൊപ്പം സാമ്പത്തികമായും വളരാൻ സാധിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ഇതിനു വിശദീകരണവും നൽകുന്നുണ്ട്. ട്രൂകോപ്പി അഭിമുഖത്തിൽനിന്ന്:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് ചില പ്രത്യേക വിഭാഗങ്ങളുടെ കൈയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം എയ്ഡഡ് മേഖലയിൽ എന്ന് പറയുമ്പോൾ അതിനു ഒരു വലിയ വികസനത്തിന്റെ അല്ലെങ്കിൽ സാമൂഹികമായ പശ്ചാത്തലമുണ്ട്. ഏതെല്ലാം സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനം കൂടുതലായുണ്ടോ അവർക്ക് വിദ്യാഭ്യാസപരമായി ഉയരാൻ സാധിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തികമായും വളരാൻ സാധിക്കുന്നുണ്ട്. കാരണം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം തന്നെ ശമ്പളം കൊടുക്കുന്നത് സർക്കാർ ആണ്. പൊതുമുതലിൽനിന്നാണ് കൊടുക്കുന്നത്. എന്നാൽ, നിയമനം നടത്തുന്നത് മാനേജ്‌മെന്റും. മാനേജ്‌മെന്റ് ഏതു സമുദായത്തിൽ നിൽക്കുന്നുവോ ആ സമുദായത്തിൽപ്പെട്ടവരെയാണ് എയ്ഡഡ് മേഖലയിൽ അവരുടെ സ്ഥാപനങ്ങളിൽ അധ്യാപകരായി നിയമിക്കുന്നത്. അതോടൊപ്പം തന്നെ പഠിക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും അതത് സമുദായത്തിൽപ്പെട്ടവർ ആയിരിക്കും. ഇങ്ങനെ വരുമ്പോൾ ഇവിടുത്തെ സാമ്പത്തികരംഗത്തും വിദ്യാഭ്യാസരംഗത്തും ഒരു സന്തുലിതാവസ്ഥ ഇല്ലാതാകുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഏതു സമുദായത്തിനു ലഭിക്കുന്നുവോ ആ സമുദായത്തിൽപെട്ടവർക്ക് ഉദ്യോഗം ലഭിക്കുന്നു, സമ്പത്ത് ലഭിക്കുന്നു. അതോടൊപ്പം തന്നെ സാമൂഹികപരമായി അവർ വളരുന്നു. വിദ്യാഭ്യാസ മേഖലയിലും വളരെ ഉന്നതിയിലേക്ക് പോകാനുള്ള അവസരം ലഭിക്കുന്നു. സ്വകാര്യമേഖലയിൽ ഇത്രയധികം വിദ്യാഭ്യാസസ്ഥാപനങ്ങൾ എയ്ഡഡ് ആയിട്ട് നടത്തുന്നതുമൂലം കേരളത്തിൽ സംഭവിക്കുന്നത് ഖജനാവിലെ വികസനത്തിനു ഉപയോഗിക്കേണ്ട നല്ലൊരു ശതമാനം സമ്പത്തും ഒരു മേഖലയിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ്. സ്വകാര്യമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവത്രികമായി കൊടുക്കുകയും അത് ചില പ്രത്യേക വിഭാഗങ്ങൾക്ക് ഏറെ സമ്പാദിക്കാൻ സാധിക്കുകയും ചെയ്തപ്പോൾ ഇവിടുത്തെ സാമൂഹ്യമായും സാമ്പത്തികമായുള്ള സന്തുലിതാവസ്ഥ തകർന്നുപോയി.

ഇതിനെല്ലാം മാറ്റംവരണമെങ്കിൽ എയ്ഡഡ് മേഖലയിൽ എല്ലായിടത്തും തന്നെ പി.എസ്.സി വഴി അധ്യാപക നിയമനം നടത്തണം. അങ്ങനെ വരുമ്പോൾ സംവരണനയം കൃത്യമായി പാലിക്കപ്പെടും. ഖജനാവിൽനിന്നുള്ള സമ്പത്ത് നിയമപ്രകാരം കൊടുക്കുമ്പോൾ ഈ രാജ്യത്ത് പിന്നാക്ക വിഭാഗക്കാർക്കും മുന്നാക്ക വിഭാഗക്കാർക്കും തൊഴിലവസരവും അതിലൂടെ സമ്പത്തും ലഭിക്കും. അവസാനിപ്പിക്കാൻ എസ്.എൻ.ഡി.പി ഞങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം സർക്കാരിനു വിട്ടുകൊടുക്കാം. അതിനനുസരിച്ച് ബാക്കിയുള്ളവരെല്ലാം വിട്ടുകൊടുക്കുമെങ്കിൽ സർക്കാർ തന്നെ ഇത് നടത്തട്ടെ.

ഫസൽ ഗഫൂർ അന്ന് പറഞ്ഞത്

എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്കു വിടണമെന്ന ആവശ്യം ഫസൽ ഗഫൂർ മുൻപ് ഉയർത്തിയിരുന്നു. കെ.പി.വൈ.എം നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഇത്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും കോളജുകളിലും അധ്യാപക നിയമനങ്ങൾക്കടക്കം സംവരണമില്ല. ഇത്തരം സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്കു വിടാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ഇന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് തൊട്ടടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സർക്കാരിന് വിട്ടുകൊടുക്കാൻ തയാറാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാർഹമാണ്. കാലങ്ങളായി മാനേജ്മെന്റുകൾ നിയമിക്കുകയും സർക്കാർ ശമ്പളം നൽകുകയും ചെയ്യുന്ന രീതിയാണ് എയ്ഡഡ് സ്‌കൂളുകളിൽ തുടരുന്നത്. സംവരണതത്വം പാലിക്കാറില്ലെന്നു മാത്രമല്ല നാമമാത്രമായ പ്രാതിനിധ്യം പോലും പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് നിയമനത്തിൽ ലഭ്യമാകാറില്ല. വലിയ സംഖ്യ ഉദ്യോഗാർത്ഥികളിൽനിന്ന് കോഴ വാങ്ങിയാണ് ഒട്ടുമിക്ക എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനം നടക്കാറുള്ളത്. ഈ സമ്പ്രദായം മാറുകയും സംവരണതത്വമടക്കം പാലിച്ച് യോഗ്യതയുള്ളവരെ നിയമിക്കുന്ന തരത്തിൽ നിയമനം പി.എസ്.സിക്ക് വിടുകയും ചെയ്യണം-ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.

സർക്കാർ ഇതിന് തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന എസ്.എൻ.ഡി.പി യോഗം ശക്തമായ ബഹുജന സമ്മർദം സർക്കാരിൽ ചെലുത്തണമെന്നും മറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകളും വിദ്യാലയങ്ങൾ നടത്തുന്ന മത-സാമുദായിക സംഘടനകളും ഈ നിലപാടിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Summary: Aided Appointment should be left for PSC: Demand is strong following Vellapally Natesan's statement

Similar Posts