കരഞ്ഞപേക്ഷിച്ചിട്ടും അമൃതക്ക് ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ല; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പരാതിയുമായി കുടുംബം
|മധുര സ്വദേശിയായ നമ്പി രാജേഷ് ആണ് ഇന്നലെ മസ്കറ്റിൽ മരിച്ചത്
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ് പ്രസ് സമരത്തിൽ യാത്ര മുടങ്ങിയ യുവതിയുടെ ഭർത്താവ് മരിച്ചു. കരമന സ്വദേശിയായ നമ്പി രാജേഷ് ആണ് ഇന്നലെ മസ്കറ്റിൽ മരിച്ചത്. അവസാനമായി രാജേഷിനെ ഒരു നോക്ക് കാണാൻ സാധിക്കാത്തതിൽ എയർ ഇന്ത്യ എക്സ് പ്രസ് മറുപടി പറയണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് വന്നു.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാർത്ത അമൃതയെ തേടിയെത്തുന്നത്. മറ്റൊന്നും ചിന്തിച്ചില്ല, ആദ്യം കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിമാനം കയറുന്നതിനു തൊട്ടുമുൻപ് ഫ്ലൈറ്റ് റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് വന്നു. കാരണം എയർ ഇന്ത്യാ എകസ് പ്രസ് ജീവനക്കാരുടെ സമരം. പലരെയും കണ്ടുകരഞ്ഞപേക്ഷിച്ച് ഒടുവിൽ അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നേടി. പക്ഷേ സമരം മൂലം അന്നും യാത്ര നടന്നില്ല.ഒടുവിൽ ഇന്നലെ ആ വാർത്ത എത്തി. അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കാതെ അമൃതയുടെ പ്രിയപ്പെട്ടവൻ യാത്രയായി.
ആൻജിയോപ്ലാസ്റ്റി ചെയ്തത് ആശുപത്രി വിട്ട രാജേഷ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. പക്ഷേ നിനച്ചിരിക്കാതെ ഹൃദയാഘാതം വീണ്ടും വില്ലനാകുകയായിരുന്നു. രാജേഷിൻ്റെ മരണത്തിന് ഉത്തരവാദികൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി ആണെന്ന ആരോപണം ഉന്നയിക്കുകയാണ് കുടുംബം. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.