Kerala
ബ്രഹ്‌മപുരത്ത് വായു പരിശോധന, വായുവിന്റെ ഗുണനിലവാരം അളക്കാൻ സംവിധാനം
Kerala

ബ്രഹ്‌മപുരത്ത് വായു പരിശോധന, വായുവിന്റെ ഗുണനിലവാരം അളക്കാൻ സംവിധാനം

Web Desk
|
7 March 2023 3:35 PM GMT

ആംബിയൻറ് എയർ ക്വാളിറ്റി മോണിറ്ററിംഗ് വാനാണ് എറണാകുളം കലക്ട്രേറ്റിൽ എത്തിച്ചത്. വാഹനം ഉപയോഗിച്ച് മൂന്നു ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കും

കൊച്ചി: ബ്രഹ്മപുരത്തേയും പരിസര പ്രദേശങ്ങളിലേയും വായുവിൻറെ ഗുണനിലവാരം അളക്കാൻ മൊബൈൽ വാഹനം ഏർപ്പെടുത്തി. ആംബിയൻറ് എയർ ക്വാളിറ്റി മോണിറ്ററിംഗ് വാനാണ് എറണാകുളം കലക്ട്രേറ്റിൽ എത്തിച്ചത്. വാഹനം ഉപയോഗിച്ച് മൂന്നു ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കും. എറണാകുളം ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് എറണാകുളം ടൗണിലും പരിസരപ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം വലിയ തോതിൽ താഴ്ന്നുപോയി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

എന്നാൽ ശാസ്ത്രീയമായ പരിശോധനയിൽ വായുവിന്റെ ഗുണനിലവാരത്തിൽ വലിയ തോതിലുള്ള ഇടിവുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. ദക്ഷിണേന്ത്യയിൽ എം.ജി സർവകലാശാലയിൽ മാത്രമാണ് ആംബിയൻറ് എയർ ക്വാളിറ്റി മോണിറ്ററിംഗ് വാൻ നിലവിലുള്ളത്. ഈ വാനാണ് ഇപ്പോൾ എറണാകുളം കളക്ട്രേറ്റിൽ എത്തിച്ചിരിക്കുന്നത്. ഒരു ദിവസം മുഴുവൻ കാക്കനാട് കലക്ട്രേറ്റിൽ വാഹനം നിർത്തിയിട്ട് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കും. അടുത്ത ദിവസം വാഹനം മറ്റൊരിടത്തേക്ക് മാറ്റും. ഇത്തരത്തിൽ മൂന്ന് ദിവസം അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ നിലയറിയാനുള്ള പരിശോധനയാണ് ഈ വാൻ ഉപയോഗിച്ച് നടത്തുക.

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ ജില്ലാ ഭരണകൂടത്തേയും കോർപ്പറേഷനേയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ കസേര തെറിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതി താക്കീത് നൽകി. തൽസ്ഥിതി റിപ്പോർട്ടും പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളും വ്യക്തമാക്കി കോർപ്പറേഷൻ നാളെ സത്യവാങ്മൂലം നൽകണം. സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിച്ചാണ് ജഡ്ജി കൊച്ചിയിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.വി ബാട്യയുടെ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.



കഴിഞ്ഞ ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ തന്നെ തനിക്ക് ശ്വാസം മുട്ടലും ഛർദ്ദിയും ഉണ്ടായെന്ന് ജഡ്ജ് പറഞ്ഞു. ഇത് ആ ഒരു ദിവസത്തെ കാര്യം മാത്രമാണെന്നും ഇത് ഇത്രയും ദിവസം തുടർന്നുകൊണ്ടുപോയാൽ പുറത്തിറങ്ങുന്ന ജനങ്ങളുടെ അവസ്ഥ എന്താകുമെന്നും ഹൈക്കോടതി ചോദിച്ചു. കോർപ്പറേഷൻ സെക്രട്ടറി നേരിട്ടും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ ഓൺലൈനായും കോടതിയിൽ ഹാജരായി. ജില്ലാ കലക്ടറോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരന്തനിവാരണ അതോരിറ്റിയിലെ ഒരു ഉദ്യോഗസ്ഥ മാത്രമാണ് ഇന്ന് ഹാജരായത്.

കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. ഭാവിയിൽ ഇത്തരത്തിലുള്ള അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി നിർദേശം നൽകി.

Similar Posts