എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചത് മന്ത്രി ശിവന്‍കുട്ടിയുടെ സ്റ്റാഫംഗം: പികെ ഫിറോസ്
|എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചത് മന്ത്രി ശിവന്‍കുട്ടിയുടെ സ്റ്റാഫംഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സക്രട്ടറി പികെ ഫിറോസ്. ശിവന്‍കുട്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട കെ എം അരുണിന്റെ നേതൃത്വത്തിലാണ് അക്രമിസംഘം അഴിഞ്ഞാടിയതെന്ന് പരാതിക്കാരിയായ നിമിഷ ഉന്നയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.
''മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് മേധാവിക്കാണ് നിമിഷ പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഒരു പെണ്‍കുട്ടിക്ക് നേരെ അതും തങ്ങളുടെ ഘടകക്ഷിക്ക് നേരെ ഇമ്മട്ടിലുള്ള പരാക്രമണങ്ങളാണ് എസ്എഫ്‌ഐ നടത്തിയത്. ആര്‍എസ്എസിന്റെ സമീപനമാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നതെന്ന് നിമിഷ പറയുന്ന സാഹചര്യമുണ്ടായി.'' ഫിറോസ് പറഞ്ഞു.
ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐ എന്തെങ്കിലും പ്രതികരിക്കുമെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല. കാരണം സ്വന്തം സഹപ്രവര്‍ത്തക പാലക്കാട് പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി ഉന്നയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അത് ചോദിക്കുമെന്ന് ഭയന്ന് എകെജി സെന്ററിന്റെ പിറകിലെ വാതില്‍ തുറന്ന് ഒളിച്ചോടിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മും ഇതില്‍ പ്രതികരിക്കില്ല. പകരം അവര്‍ ഇതിന്റെ തീവ്രത അളക്കാന്‍ കമ്മീഷനെ നിയോഗിക്കുമായിരിക്കുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.