ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്.എഫ്.ഐ വളർന്നിട്ടില്ലെന്ന് എ.ഐ.എസ്.എഫ്
|അടിയന്തരാവസ്ഥക്കാലത്ത് രൂപപ്പെട്ട എസ്.എഫ്. ഐ -എ.ബി.വി.പി കൂട്ടുകെട്ടിന്റെ പിന്നാമ്പുറ കഥകൾ എ.കെ ബാലൻ വെളിപ്പെടുത്തിയത് കേരളം മറന്നിട്ടില്ലെന്നും എ.ഐ.എസ്.എഫ്
തിരുവനന്തപുരം: സി.പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്.എഫ്.ഐ വളർന്നിട്ടില്ലെന്ന് എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് രാഹുൽ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനം.
കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിൻ്റെയും ജനാധിപത്യ നിഷേധത്തിൻ്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെയുള്ള സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്.എഫ്.ഐ. യുടെയും ചില സി.പി.എം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്.
വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട് തെറ്റുതിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കേണ്ടതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എ.ഐ.എസ്.എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്.എഫ്.ഐക്കാർ.
അടിയന്തിരാവസ്ഥയുടെ ചരിത്രം ബിനോയ് വിശ്വത്തെ ഓർമിപ്പിക്കുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കേരള രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് സംഘടനകളുമായി പലപ്പോഴും സ്വന്തം സംഘടന നടത്തിയിട്ടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളെ വിസ്മരിക്കരുത്.ബിജെപി നേതാവ് പി.എസ് ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശന വേളയിൽവച്ച് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ എ.കെ ബാലൻ അടിയന്തിരാവസ്ഥക്കാലത്ത് രൂപപ്പെട്ട എസ് എഫ് ഐ -എബിവിപി കൂട്ട് കെട്ടിന്റെ പിന്നമ്പുറ കഥകൾ വെളിപ്പെടുത്തിയത് കേരളം മറന്നിട്ടില്ല. എസ് എഫ് ഐ - എ.ബി.വി.പി സംയുക്ത സ്ഥാനാർഥിയായി പി.എസ് ശ്രീധരൻ പിള്ളയെ മത്സരിപ്പിച്ചുവെന്നും സമാന സാഹചര്യങ്ങൾ വർത്തമാന കാലഘട്ടത്തിലുണ്ടായാൽ പഴയ കൂട്ട് കെട്ട് അസംഭവ്യമല്ലെന്നും അന്ന് എ.കെ ബാലൻ ബാലൻ പ്രസ്താവിച്ചിരുന്നുവെന്നും രാഹുൽ രാജ് ഓർമിപ്പിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ
എസ് എഫ് ഐ വളർന്നിട്ടില്ല : എ ഐ എസ് എഫ്
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിൻ്റെയും ജനാധിപത്യ നിഷേധത്തിൻ്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെയുള്ള സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ് എഫ് ഐ യുടെയും ചില സി പി എം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്.
വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട് തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കേണ്ടതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എ ഐ എസ് എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ് എഫ് ഐ ക്കാർ.
അടിയന്തിരാവസ്ഥയുടെ ചരിത്രം ബിനോയ് വിശ്വത്തെ ഓർമിപ്പിക്കുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കേരള രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് സംഘടനകളുമായി പലപ്പോഴും സ്വന്തം സംഘടന നടത്തിയിട്ടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളെ വിസ്മരിക്കരുത്.
ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശന വേളയിൽ വെച്ച് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ എ കെ ബാലൻ അടിയന്തിരാവസ്ഥക്കാലത്ത് രൂപപ്പെട്ട എസ് എഫ് ഐ -എബിവിപി കൂട്ട് കെട്ടിന്റെ പിന്നമ്പുറ കഥകൾ വെളിപ്പെടുത്തിയത് കേരളം മറന്നിട്ടില്ല.
എസ് എഫ് ഐ - എ ബി വി പി സംയുക്ത സ്ഥാനാർഥിയായി പി എസ് ശ്രീധരൻ പിള്ളയെ മത്സരിപ്പിച്ചുവെന്നും സമാന സാഹചര്യങ്ങൾ വർത്തമാന കാലഘട്ടത്തിലുണ്ടായാൽ പഴയ കൂട്ട് കെട്ട് അസംഭവ്യമല്ലെന്നും അന്ന് എ കെ ബാലൻ ബാലൻ പ്രസ്ഥാവിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും എ ഐ എസ് എഫിനെയും ചരിത്രം പഠിപ്പിക്കാൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും സി പി എം നേതാക്കളും വളർന്നിട്ടില്ലെന്നും മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടക്കുന്ന സമീപനം എസ് എഫ് ഐ യും സി പി എം നേതാക്കളും അവസാനിപ്പിക്കണമെന്നും എ ഐ എസ് എഫ് ആവശ്യപ്പെടുന്നു.