Kerala
ഐഷ സുൽത്താനയുടെ ആരോപണം ഗുരുതര സ്വഭാവമുള്ളതെന്ന് ലക്ഷദ്വീപ് ഭരണകൂടം
Kerala

ഐഷ സുൽത്താനയുടെ ആരോപണം ഗുരുതര സ്വഭാവമുള്ളതെന്ന് ലക്ഷദ്വീപ് ഭരണകൂടം

Web Desk
|
17 Jun 2021 11:18 AM GMT

കേസിൽ വാദം കേട്ട കോടതി ഐഷയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഐഷ സുൽത്താന നടത്തിയ പരാമർശങ്ങളെ വിമർശനങ്ങളായി കാണാൻ കഴിയില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ. പരാമർശങ്ങൾ തികഞ്ഞ ബോധ്യത്തോടെയാണ് എന്നും അന്വേഷണത്തോട് ഐഷ സഹകരിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഐഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് ലക്ഷദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.

'സർക്കാറിനെതിരെ മാരകവും ശക്തവുമായ വാദമാണ് ഐഷ ഉന്നയിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ബയോവെപൺ ഉപയോഗിച്ചു എന്നാണ് അവർ പറയുന്നത്. ആരോപണം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ മനസ്സിൽ വിഭജനം സൃഷ്ടിക്കുകയാണ് അവർ. സ്‌കൂളിൽ പോകുന്ന കുട്ടികൾ അവരുടെ ആരോപണങ്ങൾ കേട്ടാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കൂ. സ്വാധീനം ചെലുത്താൻ കഴിയുന്ന നിലയിലുള്ള സംവിധായികയാണ് അവർ. പരാമർശം കുറ്റകരമാണ്. അതിനു ശേഷം അവർ നടത്തിയ വിശദീകരണം കുറ്റത്തെ ഇല്ലാതാക്കുന്നില്ല' - ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

'സംഭവത്തിൽ അവരുടെ ക്ഷമാപണത്തിന് പ്രസക്തിയില്ല. കൊലപാതകം ചെയ്തിട്ട് ക്ഷമാപണം നടത്തുന്നയാളെ വെറുതെ വിടില്ല. അവർ അന്വേഷണത്തോട് സഹകരിക്കണം. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ലളിതകുമാരി കേസിലെ വിധി പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവർക്ക് പത്തുദിവസത്തെ നോട്ടീസ് നൽകിയിരുന്നു. പൊലീസ് തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചിട്ടില്ല. ജാമ്യാപേക്ഷയിൽ ഐഷ സുൽത്താനയുടെ പേരിലും വയസ്സിലും തെറ്റുണ്ട്. ഔദ്യോഗിക രേഖയിൽ അവരുടെ പേര് മറ്റൊന്നാണ്. വയസ്സും വ്യത്യാസമുണ്ട്. അവർക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകും' - അഭിഭാഷകൻ വാദിച്ചു.

ജാമ്യഹർജിയിൽ കക്ഷി ചേരണം എന്ന പ്രതീഷ് വിശ്വനാഥിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ വാദങ്ങൾ അവതരിപ്പിക്കാൻ അഭിഭാഷകന് കോടതി അനുമതി നൽകി. ഐഷയുടെ പ്രസ്താവനയ്ക്ക് ആഗോള ബന്ധമുണ്ടെന്നാണ് അഭിഭാഷകനായ കൃഷ്ണരാജ് വാദിച്ചത്.

'ഐഷ സുൽത്താനയുടെ പരാമർശങ്ങൾക്ക് ആഗോള ബന്ധമുണ്ട്. ഗ്രെറ്റ തുൻബ്യെ അടക്കമുള്ളവർ ലക്ഷദ്വീപിന് വേണ്ടി ട്വീറ്റ് ചെയ്തിരുന്നു. ബയോ വെപൺ എന്ന അവരുടെ പദപ്രയോഗം നാളെ പാകിസ്താനോ മറ്റു രാഷ്ട്രങ്ങളോ യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചാൽ എന്തു ചെയ്യും. പരാമർശത്തിൽ തനിക്കെതിരെ നടപടിയെടുക്കാൻ വെല്ലുവിളിക്കുകയാണ് അവർ ചെയ്തത്. ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ താണ്ഡവമാടും എന്നാണ് അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇത് രാജ്യത്തിനെതിരെയുള്ള കുറ്റമാണ്.ലക്ഷദ്വീപ് ഒരു തന്ത്രപ്രധാന സ്ഥലമാണ്. മയക്കുമരുന്നുകളുമായി വിദേശയാനങ്ങൾ ദ്വീപിന് സമീപത്തു നിന്ന് പിടിക്കപ്പെട്ടിട്ടുണ്ട്' - അഭിഭാഷകനെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

ഒരു നിമിഷത്തെ ചൂടിലാണ് ഐഷ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതെന്ന് അവർക്കു വേണ്ടി ഹാജരായ വിജയഭാനു വാദിച്ചു. 'ആ പരാമർശങ്ങളിൽ അവർ പിന്നീട് മാപ്പു പറഞ്ഞിട്ടുണ്ട്. ഐഷ സുൽത്താന എന്ന പേരിലാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അതു കൊണ്ടാണ് ആ പേര് ജാമ്യഹർജിയിലുള്ളത്. അക്രമത്തിന് പ്രേരിപ്പിക്കാതെ ഭരണകൂടത്തെ വിമർശിക്കാമെന്ന് വിനോദ് ദുവെ വിധിയിൽ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ചിന്തിക്കാതെ പറഞ്ഞ വാക്യമാണ് അത്' - അദ്ദേഹം പറഞ്ഞു.

കേസിൽ വാദം കേട്ട കോടതി ഐഷയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്ത കവരത്തി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ജൂൺ 20ന് ഹാജരാകാനാണ് നിർദേശം.

Similar Posts